Breaking

Wednesday, October 27, 2021

വനിതാ ഡോക്ടറെ കാറിൽ ആക്രമിക്കാന്‍ ശ്രമിച്ചശേഷം വിഷഗുളിക കഴിച്ചു; ചികിത്സ കഴിഞ്ഞിറങ്ങി അറസ്റ്റിലായി

തിരുവനന്തപുരം: പരിചയക്കാരിയായ യുവ ഡോക്ടറുമായി വാക്കേറ്റത്തിന് ശേഷം കാറിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടുകാൽ വട്ടവിള ചരിവിള രാജ് നിവാസിൽ ശരത്ത് രാജ് (27)നെയാണ് പാറശ്ശാല പോലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയതിനെത്തുടർന്ന് അറസ്റ്റുചെയ്തത്. യുവതിയുടെ പരാതിയെ തുടർന്നാണ് ശരത്തിനെഅറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഭവം നടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുമ്പോഴാണ് യുവാവും പരാതിക്കാരിയായ ഡോക്ടറും പരിചയപ്പെടുന്നത്. 20-ന് ഇരുവരും ഉച്ചയ്ക്ക് ഉദിയൻകുളങ്ങരയ്ക്ക് സമീപത്ത് കാറിൽ എത്തി. കാറിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ പൊടുന്നനെ യുവാവ് ദേഷ്യത്തിൽ സംസാരിക്കുകയും യുവതിയെ ആക്രമിക്കുവാൻ ശ്രമിക്കുയും ചെയ്തു. സംഭവം ശ്രദ്ധിക്കുകയായിരുന്ന പ്രദേശവാസികൾ ഓടിയെത്തി യുവാവിനെ പിടികൂടിയപ്പോഴാണ് യുവാവ് വിഷഗുളിക കഴിച്ചതായി യുവതി വെളിപ്പെടുത്തിയത്. പ്രദേശവാസികൾ പോലീസിന്റെ സഹായത്തോടെ യുവാവിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തെത്തുടർന്ന് പാറശ്ശാല പോലീസ് സ്റ്റേഷനിലെത്തിയ യുവതി അന്ന് പരാതി നൽകിയെങ്കിലും ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്യേണ്ട എന്ന് അറിയിച്ച് മടങ്ങുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം പിതാവിനോടൊപ്പം സ്റ്റേഷനിലെത്തിയ യുവതി കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും മൊഴി നൽകുകയും ചെയ്തു. തുടർന്നാണ് യുവാവിനെ പ്രതിയാക്കി പാറശ്ശാല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. Content highlights: youth arrested in lady doctor`s complaint after suicide attempt


from mathrubhumi.latestnews.rssfeed https://ift.tt/3CiD1qJ
via IFTTT