തിരുവനന്തപുരം: കെ. സുധാകരൻ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ, പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടുപോകരുതെന്ന നിലപാടിലേക്ക് ഉമ്മൻ ചാണ്ടി-രമേശ് ചെത്തിത്തല ടീം. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ കെ.പി.സി.സി. പ്രസിഡന്റ് തന്നെ പാർട്ടി പുനഃസംഘടിപ്പിക്കുന്നതിലൂടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുമെന്നാണ് അവർ ഉന്നയിക്കുന്ന വാദം. ഇക്കാര്യം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ഗ്രൂപ്പ് നേതൃത്വങ്ങളുടെ തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിൽ സംയുക്തമായി നീങ്ങാനാണ് എ, ഐ വിഭാഗങ്ങളുടെ നീക്കം. ഇതിന്റെ ആദ്യപടിയായാണ് പുനഃസംഘടനയ്ക്കെതിരേയുള്ള സംയുക്തനിലപാട്. ഇരു ഗ്രൂപ്പുകളുടെയും നേതൃത്വം നടത്തിയ ചർച്ചയിലൂടെയാണ് ഏകീകൃത നീക്കത്തിനു തീരുമാനമായത്. അംഗത്വവിതരണത്തിന് മുമ്പുതന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ.പി.സി.സി. പ്രസിഡന്റ് ഇനി നടത്തുന്ന നാമനിർദേശങ്ങൾ തന്റെ വിജയത്തെ ലക്ഷ്യമിട്ടുള്ളതായിരിക്കുമെന്ന് ഗ്രൂപ്പുകൾ ആശങ്കയുയർത്തുന്നു. കെ.പി.സി.സി. പുനഃസംഘടനയിൽ തങ്ങൾ നൽകിയ പട്ടികയിൽനിന്നുള്ളവരെ പരിഗണിച്ചെങ്കിലും ഗ്രൂപ്പ് നേതൃത്വം ഉദ്ദേശിച്ചവരല്ല ഭാരവാഹികളായത്. ഡി.സി.സി. പുനഃസംഘടനയിൽ അത്തരമൊരു സാഹചര്യംവന്നാൽ കാലിനടിയിലെ മണ്ണ് കൂടുതൽ ഒലിച്ചുപോകാൻ അത് കാരണമാകാം. അതുകൊണ്ടുതന്നെ ഡി.സി.സി. ഭാരവാഹികളായി നിർദേശിക്കുന്നവരുടെ പട്ടിക നൽകേണ്ടെന്ന അഭിപ്രായത്തിനാണ് ഗ്രൂപ്പ് നേതൃത്വത്തിൽ മേൽക്കൈ. തങ്ങളുടെ അഭിപ്രായം കണക്കിലെടുക്കാതെ ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുകയാണെങ്കിൽ ചെയ്യട്ടെയെന്ന നിലപാടിലേക്കാണ് ഗ്രൂപ്പ് നേതൃത്വം എത്തുന്നത്. എന്നാൽ, പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡിന്റെ അനുമതിയുണ്ടെന്നും ഡി.സി.സി. തലത്തിൽ ഭാരവാഹികളെ നിശ്ചയിക്കണമെന്നുമാണ് ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാട്. പോര് പാർട്ടി പിടിക്കാനും നിലനിർത്താനും നേതൃമാറ്റത്തിലൂടെ കൈവന്ന കെ.പി.സി.സി. അധ്യക്ഷസ്ഥാനം നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കെ. സുധാകരൻ സ്ഥാനാർഥിത്വം നേരത്തേ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ചേരികളിലെ മാറ്റം ഗുണംചെയ്യുമെന്നാണ് ഔദ്യോഗികപക്ഷത്തിന്റെ വിലയിരുത്തൽ. പാർട്ടി പിടിക്കുകയെന്നതാണ് എ, ഐ ഗ്രൂപ്പുകളുടെ ലക്ഷ്യം.
from mathrubhumi.latestnews.rssfeed https://ift.tt/2ZBF5M1
via
IFTTT