ന്യൂഡൽഹി: കോൺഗ്രസിന്റെ അലിഖിത നിയമങ്ങളായ മദ്യവർജനവും ഖാദി പ്രോത്സാഹനവും കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഉന്നതതല യോഗത്തിൽ വീണ്ടും ചർച്ചയായി. ദേശീയാധ്യക്ഷസോണിയ ഗാന്ധി വിളിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലാണ് രാഹുൽ ഗാന്ധി ഈ വിഷയങ്ങൾ വീണ്ടും ഉയർത്തിയത്. മദ്യ വർജനത്തിന്റെ പ്രായോഗികതയുമായി ബന്ധപ്പെട്ട ചർച്ച രസകരമായ മറുപടികൾക്കും കാരണമായി. ചർച്ചയ്ക്കിടെ ഇവിടെ ആരൊക്കെ മദ്യപിക്കും എന്നായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത ചോദ്യം. രാഹുലിന്റെ പെട്ടെന്നുള്ള ചോദ്യത്തിന് മുന്നിൽ പല നേതാക്കളും പതറി. രംഗം തണുപ്പിക്കാനായി ഇടപെട്ട നവജ്യോത് സിങ് സിദ്ധുവിന്റെ മറുപടി എന്റെ സംസ്ഥാനത്തെ വലിയ വിഭാഗം ആളുകളും മദ്യപിക്കും എന്നായിരുന്നു. കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാതെയായിരുന്നു സിദ്ധുവിന്റെ മറുപടി. പാർട്ടി അംഗത്വത്തിനായുള്ള ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന വികാരത്തിലേക്കാണ് ഈ ചർച്ച മുന്നേറിയത്. ഇത്തരം നിയമങ്ങളിൽ മാറ്റം വരുത്താൻ പാർട്ടിയുടെ ഉന്നതാധികാര സമിതിയായ വർക്കിങ് കമ്മറ്റിക്ക് മാത്രമേ അധികാരമുള്ളു. മഹാത്മാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് പിന്തുടരുന്നതാണ് മദ്യവർജന നയം. 2007 ലെ ഒരു കോൺഗ്രസ് വർക്കിങ് കമ്മറ്റി യോഗത്തിലും രാഹുൽ ഇത്തരം നിയമങ്ങൾ പിന്തുടരുന്നതിലെ അപ്രായോഗികതയെ ചോദ്യം ചെയ്തിരുന്നു. നിലവിൽ നവംബർ ഒന്നിന് ആരംഭിക്കുന്ന പാർട്ടിയുടെ അംഗത്വ യജ്ഞത്തിനുള്ള ഫോമിൽ മദ്യവർജന നിയമവും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗത്വം സ്വീകരിക്കുമ്പോൾ ഉള്ള പ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പത്ത് പോയന്റുകളിൽ ഒന്നാണ് മദ്യവർജനം. പൊതുവിടങ്ങളിൽ പാർട്ടിയുടെ നയങ്ങൾ ചോദ്യം ചെയ്യരുതെന്ന നിർദേശവും പാർട്ടി പുതിയ അംഗങ്ങൾക്ക് നൽകുന്നു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലുമുള്ള അംഗങ്ങൾക്കും പരിശീലനം നൽകാനും കോൺഗ്രസ് ആലോചിക്കുന്നു. നവംബർ 14 മുതൽ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കാനും രാഹുൽ ഗാന്ധി പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. Content Highlights: Who All Here Drinks?: Rahul Gandhi Revisits Crucial Query At Party Meet
from mathrubhumi.latestnews.rssfeed https://ift.tt/3mjOoZW
via
IFTTT