സീതത്തോട്(പത്തനംതിട്ട): കാലവർഷം തിമിർത്തുപെയ്ത ഒക്ടോബറിൽ സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പും നീരൊഴുക്കും ഉയർന്നനിലയിൽ. അഞ്ചുവർഷത്തിനിടയിലെ ഏറ്റവുംഉയർന്ന മഴയും, നീരൊഴുക്കും, ജലനിരപ്പുമെല്ലാം രേഖപ്പെടുത്തിയാണ് 2021 ഒക്ടോബർ തീരുന്നത്. നഷ്ടങ്ങളുടെ കണക്കിലും ഒക്ടോബർ ചരിത്രമാകുന്നു. വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇത്രയധികം ഡാമുകൾ തുറന്നുവിടേണ്ടിവന്നത്. സംസ്ഥാനത്തെ മിക്ക ജല സംഭരണികളിലെയും വെള്ളത്തിന്റെ നിലയിൽ ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ല. വലിയ പദ്ധതികളായ ഇടുക്കിയും ശബരിഗിരിയുമൊക്കെ നിറഞ്ഞുകിടക്കുകയാണ്. ഏതുസമയവും തുറന്നുവിടേണ്ടിവരുമെന്നതാണ് മിക്ക സംഭരണികളുടെയും അവസ്ഥ. സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 93 ശതമാനം വെള്ളമാണുള്ളത്. അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജലനിരപ്പാണിത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം സംഭരണികളിലെല്ലാംകൂടി 3803.92 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമുണ്ട്. ബുധനാഴ്ച മാത്രം 51.391 മില്യൺ യൂണിറ്റ് ഉത്പാദനത്തിനുള്ള വെള്ളം ഒഴുകിയെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 3653.052 മില്യൺ യൂണിറ്റിനുള്ള വെള്ളവും നീരൊഴുക്ക് 16.62 മില്യണുമായിരുന്നു. മഹാപ്രളയുമുണ്ടായ 2018-നേക്കാൾ 10 ശതമാനം അധികം വെള്ളമാണ് സംഭരണികളിൽ ഇപ്പോഴുള്ളത്. ഇടുക്കിയിലാണ് ഏറ്റവും ഉയർന്ന ജലനിരപ്പ്. 94.47 ശതമാണിത്. തൊട്ടുപിന്നിൽ ശബരിഗിരി. കക്കി ആനത്തോട് ഡാമിൽ 92.02 ശതമാനം വെള്ളമുണ്ട്. മഴയുടെ കാര്യത്തിലും ഒക്ടോബറിൽ പുതുചരിത്രമാണ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാവർഷക്കാലത്ത് സംസ്ഥാനത്ത് ലഭിക്കേണ്ട മഴയുടെ 87 ശതമാനം ഇതിനകംപെയ്തു. കാസർകോട്, കോഴിക്കോട് ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ നൂറുശതമാനത്തിലധികം പെയ്തു. ന്യൂനമർദ്ദവും കാലാവസ്ഥാവ്യതിയാനവുമാണ് കാരണം. Content Highlights:Water level in Kerala dams touches five year high
from mathrubhumi.latestnews.rssfeed https://ift.tt/3pNPpeY
via
IFTTT