Breaking

Sunday, October 31, 2021

ആ വാഹനത്തിൽ നിങ്ങളായിരുന്നെങ്കിലോ? പുലർച്ചെ പെരുമഴയിൽ അപകടം, സഹായിക്കാൻ ആരുമെത്തിയില്ല

ചെന്നിത്തല: പേടിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. വാഹനാപകടത്തിൽപ്പെട്ട് ഡ്രൈവറുടെകാബിനിൽ ഒടിഞ്ഞകാലുമായി എന്നെ രക്ഷിക്കണേ എന്നു നിലവിളിക്കുന്ന യുവാവ്. ദേഹമാസകലം ചോരയാണ്. പെരുമഴയും. സമയം പുലർച്ചേ 4.50. തുടർന്നുണ്ടായത് ഇപ്പോഴും വിശ്വസിക്കാനാകാത്ത അനുഭവങ്ങൾ. ശനിയാഴ്ച പുലർച്ചേ ആലപ്പുഴയിലെ ഓഫീസിൽനിന്നു ജോലികഴിഞ്ഞു മടങ്ങുകയായിരുന്നു. ഹരിപ്പാട്ട് വാഴക്കൂട്ടം കടവിനുസമീപം റോഡിൽ മഴക്കോട്ടു ധരിച്ച ഒരു ചെറുപ്പക്കാരൻ സ്കൂട്ടറിനു കൈകാണിച്ചു. അവിടെ അപകടമുണ്ടായിക്കിടക്കുന്ന ടെമ്പോവാനിൽ കുടുങ്ങിയ ഒരാൾ മരണഭീതിയോടെ നിലവിളിക്കുന്നു. പലരോടും താനിതുപറഞ്ഞിട്ട് ആരും സഹായിക്കാതെപോയെന്ന് കൈകാട്ടി വാഹനം നിർത്തിച്ച ചെറുപ്പക്കാരൻ പറഞ്ഞു. അപകടം സംഭവിച്ച വാഹനത്തിനടുത്തുപോയി നോക്കിയപ്പോൾ നടുക്കുന്ന കാഴ്ചയായിരുന്നു. ഒരു കലുങ്കിന്റെ ഭിത്തിയിലിടിച്ചു തകർന്നുകിടക്കുകയാണ് ടെമ്പോവാൻ. മുൻഭാഗം പൂർണമായും പൊളിഞ്ഞിരുന്നു. അയാളുടെ വലതുകാലൊടിഞ്ഞ് അമർന്നിട്ടുണ്ട്. വാഹനത്തിന്റെ മുൻഭാഗം ഇടിയേറ്റുവളഞ്ഞ് അകത്തോട്ടു കയറിയിരിക്കുന്നു. തലയല്ലാതെ ശരീരത്തിന്റെ ഒരുഭാഗവും അനക്കാൻ അയാൾക്കു കഴിയുന്നില്ല. ഞങ്ങൾ രണ്ടുപേർമാത്രം വിചാരിച്ചാൽ പുറത്തെടുക്കാവുന്ന സ്ഥിതിയിലായിരുന്നില്ല. തൊട്ടടുത്ത വീടുകളിൽപോയി വാതിലിൽ തട്ടിയിട്ടും അലറിവിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. ചില വീട്ടുകാർ പുറത്ത് അതുവരെ കത്തിക്കൊണ്ടിരുന്ന വിളക്കുകൾ കെടുത്തുകയും ചെയ്തു. അപകടത്തിൽപ്പെട്ടയാളുടെ ദീനമായ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നുമില്ല. പെരുമഴയത്ത് അതുവഴിവന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു നിർത്തിച്ചു കാര്യംപറഞ്ഞു. ആരും സഹായിച്ചില്ല. പോലീസിന്റെ നമ്പരിൽ മാറിമാറി വിളിച്ചിട്ടും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് അഗ്നിരക്ഷാസേനയെ വിളിച്ചു. 100-ൽ വിളിച്ചപ്പോൾ തിരുവനന്തപുരത്ത് പോലീസിന്റെ നമ്പരിലാണു കിട്ടിയത്. മാന്നാർസ്റ്റേഷനിലറിയിക്കാമെന്ന് അവർ പറഞ്ഞു. എന്നാൽ, യാതൊന്നുമുണ്ടായില്ല. ഇതിനിടെ അഗ്നിരക്ഷാ സേനാവിഭാഗത്തിന്റെ മാവേലിക്കര യൂണിറ്റിലേക്കു വിളിച്ചു. അവർ എത്താമെന്നു പറഞ്ഞു. വണ്ടി തള്ളി പുറകോട്ടുനീക്കുകയോ മുൻഭാഗം വെട്ടിപ്പൊളിക്കുകയോ ചെയ്യാതെ അയാളെ പുറത്തെടുക്കാൻ കഴിയില്ല. കൂടെയുണ്ടായിരുന്നയാൾ ഒരുവീട്ടിൽനിന്ന് ഒരാളെ വിളിച്ചുകൊണ്ടുവന്നു. അയാൾ വെട്ടുകത്തിവെച്ചു വാൻ പൊളിക്കാൻ നോക്കി. എന്നാൽ, ഫലമുണ്ടായില്ല. ഈസമയം ഏതാനും മീൻകച്ചവടക്കാരും രണ്ട് ഒട്ടോറിക്ഷക്കാരും ആവഴിയെത്തി. അഞ്ചുപേർ ചേർന്നു തള്ളിയിട്ടും വാഹനം അനങ്ങിയില്ല. കുറച്ചുകഴിഞ്ഞപ്പോഴേക്കും മാവേലിക്കരയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി. വിളിച്ചപ്പോൾ ഗുരുതരാവസ്ഥ സൂചിപ്പിച്ചതിനാൽ ആംബുലൻസുമായാണു വന്നത്. അവർ ഏറെ പണിപ്പെട്ട് ചെറുപ്പക്കാരനെ പുറത്തെടുത്തു. സ്റ്റേഷൻഓഫീസർ ആർ. ജയചന്ദ്രന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എസ്. സുനിൽ, ടി.എസ്. രതീഷ്കുമാർ, ബി. സുധീഷ്കുമാർ, കെ.പി. അനിൽകുമാർ, എസ്. ശ്രീജിത്ത്, ബി. അനു, എ.എസ്. രഞ്ജിത്ത്, ആർ. അനിൽകുമാർ, പി. രാജേന്ദ്രൻ, എസ്. സുധീഷ്, രാജേഷ്മോൻ എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനം നടത്തിയത്. അപകടം കണ്ട് എന്നെ കൈകാണിച്ചു നിർത്തിച്ച ആ നല്ല ചെറുപ്പക്കാരന്റെ പേര് തിരക്കിനിടയിൽ ചോദിക്കാൻ വിട്ടുപോയി. അപകടത്തിൽപ്പെട്ടയാൾ ട്രോമാ ഐ.സി.യു.വിൽ അപകടത്തിൽപ്പെട്ട ചെന്നിത്തല ഇരമത്തിൽ കൊല്ലംപറമ്പിൽ രാഹുൽവിജയ(25)നെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കൈക്കും കാലിനും പൊട്ടലുണ്ട്. വയറിനുള്ളിലും ഇടിയുടെ ആഘാതത്തിൽ മുറിവേറ്റിട്ടുണ്ട്. സ്കാനിങ്ങിനുശേഷമേ ശസ്ത്രക്രിയയുടെ കാര്യത്തിൽ തീരുമാനമാകൂ. രക്തം കുറേ പോയിട്ടുണ്ട്. നെറ്റിക്കും മുറിവുണ്ട്. Content Highlights:Accident in early morning, No one came to help


from mathrubhumi.latestnews.rssfeed https://ift.tt/3CvafDr
via IFTTT