Breaking

Monday, October 25, 2021

വഴിതെറ്റി പ്രധാനമന്ത്രിയുടെ സഹായം; കാരുണ്യംവറ്റാതെ അവർ

ഫൗജാമ്മയ്ക്കുള്ള പ്രധാനമന്ത്രിയുടെ ചെക്ക് ആൽബർട്ടും പ്രദീപ് വർഗീസും ചേർന്ന് കുടുംബത്തെ ഏൽപ്പിച്ചപ്പോൾ. കൊച്ചി: തങ്ങളുടെ ആരുമല്ലാതിരുന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് അന്വേഷിച്ച് ആ അപരിചിതർ സഹായധനം യഥാർഥ ഉടമയുടെ അരികിലെത്തിച്ചു. പ്രധാനമന്ത്രിയുടെ ചികിത്സാസഹായം കുടുംബം ഏറ്റുവാങ്ങുമ്പോൾ ഫൗജാമ്മ ഈ ഭൂമിയിലില്ല. പക്ഷേ, ഭൂമിയിലിപ്പോഴും കാരുണ്യമേറെയുണ്ടെന്ന് ആ അപരിചിതർ തെളിയിച്ചു. പ്രധാനമന്ത്രിയുടെ ചികിത്സാസഹായത്തിന് അപേക്ഷിച്ചിരുന്ന എറണാകുളത്തെ വൃക്കരോഗിയായ യുവാവിന് കഴിഞ്ഞദിവസം രണ്ടുലക്ഷം രൂപയുടെ ചെക്ക് കിട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ചെക്കിനൊപ്പം ഫൗജാമ്മ, തത്തമംഗലം എന്ന പേരിലുള്ള 1,34,628 രൂപയുടെ മറ്റൊരു ചെക്കുമുണ്ടായിരുന്നു. ഈ ചെക്ക് മാറിപ്പോയതായിരിക്കുമെന്നു മനസ്സിലാക്കിയ യുവാവ് ഇക്കാര്യം സുഹൃത്തായ സി.പി.ഐ. വെണ്ണല ലോക്കൽ സെക്രട്ടറി കെ.സി. ആൽബർട്ടിനെ അറിയിച്ചു. ഇരുവരും ചേർന്ന് പ്രാഥമികമായി ചില അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളറിയാത്ത ഏതോ ഒരു കുടുംബത്തിന് ആശ്വാസമാകേണ്ടതാണ് ഈ ചെക്കെന്ന വിശ്വാസത്തിൽ അന്വേഷണം തുടർന്നു. കൃഷിമന്ത്രി പി. പ്രസാദിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രദീപ് വർഗീസിന്റെ സഹായത്തോടെ ആൽബർട്ട് ഒടുവിൽ സ്ഥലം കണ്ടെത്തി. നബിദിനത്തിൽ ആൽബർട്ടും പ്രദീപും പാലക്കാട് തത്തമംഗലത്ത് ഫൗജാമ്മയുടെ വീട്ടിലെത്തി. ചെക്ക് ഏറ്റുവാങ്ങുമ്പോൾ, അർബുദ രോഗിയായിരുന്ന ഫൗജാമ്മയുടെ മകൻ ഫൈസൽ നിറകണ്ണുകളോടെ പറഞ്ഞു- ''ഉമ്മ കുറച്ചുദിവസം മുമ്പ് മരിച്ചുപോയി. സ്വർഗത്തിലിരുന്ന് ഉമ്മ ഇതു കാണുന്നുണ്ടാകും''. ''എന്റെ അമ്മ അർബുദം ബാധിച്ചാണ് മരിച്ചത്. ഞാനറിയാത്ത ഒരു ഉമ്മയുടെ വീട്ടിൽ ചെക്കുമായി എത്തിയപ്പോൾ അവർ ഇപ്പോൾ ജീവിച്ചിരിക്കുന്നില്ലെന്ന യാഥാർഥ്യം സങ്കടപ്പെടുത്തി. എന്നാൽ, ദരിദ്ര ചുറ്റുപാടുകളിൽ കഴിയുന്ന ഒരു കുടുംബത്തിന് ഈ ചെക്ക് വലിയ ആശ്വാസമാകുന്നതിൽ സന്തോഷമുണ്ട്''- ആൽബർട്ട് പറഞ്ഞപ്പോൾ നിറമിഴികളോടെ ഫൗജാമ്മയുടെ ഭർത്താവ് ഷാഹുൽ ഹമീദ് പറഞ്ഞു- ''ദൈവം നിങ്ങളെ അനുഗ്രഹിക്കും''.


from mathrubhumi.latestnews.rssfeed https://ift.tt/3GiSIkf
via IFTTT