Breaking

Friday, June 25, 2021

ക്വട്ടേഷനിലെ രാഷ്ട്രീയം കണ്ണൂരിൽ സി.പി.എമ്മിന് തലവേദനയാവുന്നു

കണ്ണൂർ: രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ മുൻസൈബർ സഖാവ് അർജുൻ ആയാങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടതായ സംശയം ഉയരുന്നത് കണ്ണൂരിൽ സി.പി.എമ്മിന് തലവേദനയാകുന്നു. ഇവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പിഎം. പറയുമ്പോഴും സാമൂഹികമാധ്യമങ്ങളിൽ സി.പി.എമ്മിനുവേണ്ടി സംസാരിക്കുന്ന ഇവരുടെ പോസ്റ്റുകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ആകാശ് തില്ലങ്കേരി സംഭവത്തിൽ ഉൾപ്പെട്ടതായി പോലീസിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. കസ്റ്റംസ് അന്വേഷണ സംഘം ബുധനാഴ്ച അർജുൻ ആയാങ്കിയുടെ അഴീക്കോട്ടെ വീട്ടിലെത്തിയപ്പോഴാണ് ക്വട്ടേഷൻ സംഘങ്ങളെ കുറിച്ചുള്ള ചർച്ച വീണ്ടും സജീവമാവുന്നത്. നേരത്തേ രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും ക്വട്ടേഷനെടുത്ത ഗുണ്ടാസംഘങ്ങൾ ഇപ്പോൾ സ്വർണക്കടത്തിനും മദ്യക്കടത്തിനും ക്വട്ടേഷൻ ഏറ്റെടുക്കുകയാണെന്ന് പോലീസ് പറയുന്നു. സി.പി.എമ്മിന് ക്വട്ടേഷൻ സംഘത്തിലെ വ്യക്തികളുമായി ഒരു ബന്ധമില്ലെന്നും ക്വട്ടേഷനെ ക്വട്ടേഷനായി തന്നെ കാണണമെന്നും വ്യാഴാഴ്ച രാവിലെ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അർജുൻ ആയാങ്കിയെ കസ്റ്റംസ് അന്വേഷിച്ച് എത്തിയപ്പോൾ ഇയാളുടെ സൈബർപാർട്ടി ബന്ധം വിവാദമമാകുമെന്ന് അറിഞ്ഞതോടെയാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയുള്ള നിലപാടുമായി സി.പി.എം. രംഗത്തെത്തിയത്. ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയ കൊലപാതകങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളുടെ ഇടപെടൽ പോലീസ് പുറത്തുകൊണ്ടുവന്നത്. ടി.പി. കേസിലെ പ്രതിയും ക്വട്ടേഷൻ സംഘത്തിൽപ്പെട്ടയാളുമായ കൊടി സുനി വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലിരിക്കെ ക്വട്ടേഷന് നേതൃത്വംനൽകിയ വാർത്ത പുറത്തുവന്നിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ഒരു കൊലക്കേസ് പ്രതി തിരുവനന്തപുരത്തെ ചില പാർട്ടി നേതാക്കളെ വിളിച്ചതായും വാർത്ത വന്നു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോവുമെന്ന് കരുതിയാണ് ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ശക്തമായ നടപടിയെടുക്കാൻ പിണറായി സർക്കാർ തിരുമാനിച്ചത്. ഇതിനായി കണ്ണൂർ സെൻട്രൽ ജയിലിലെ പാർട്ടി അനുഭാവികളായ തടവുകാരുടെ സംഘങ്ങളെ ഒതുക്കാൻ ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ് രംഗത്തെത്തി. ജയിലിൽ വൻ അഴിച്ചുപണി അദ്ദേഹം നടത്തി. പാർട്ടിക്കുള്ളിൽ ഇതിനെതിരേ ചില കോണുകളിൽ എതിർപ്പ് വന്നെങ്കിലും നേതൃത്വം കാര്യമാക്കിയില്ല. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. പോലീസ് അന്വേഷിക്കുന്ന അർജുൻ ആയാങ്കിയുടെ സുഹൃത്തുകൂടിയാണ് ഇയാൾ. Content Highlight: Quotation Gangs and Kannur CPM


from mathrubhumi.latestnews.rssfeed https://ift.tt/3jcc29S
via IFTTT