Breaking

Sunday, January 17, 2021

മരണം മുന്നിൽക്കണ്ടു; പിന്നെ ഒരു മരവിപ്പ് മാത്രം

കാഞ്ഞങ്ങാട്: ’സ്കൂട്ടറിൽനിന്ന്‌ നടുറോഡിലേക്ക് തെറിച്ചുവീണപ്പോൾ കണ്ടത് ഒരു ടിപ്പർലോറി പാഞ്ഞുവരുന്നതാണ്. പിന്നെയൊന്നും ഓർമയില്ല. അർധബോധാവസ്ഥപോലെയുള്ള മരവിപ്പ്. ജില്ലാ ആസ്പത്രിയിലെത്തിയപ്പോഴാണ് മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. മനസ്സിനെ സ്വയം വിശ്വസിപ്പിക്കാൻ പോലും പ്രയാസപ്പെട്ട നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്...’ സ്കൂട്ടർ അപകടത്തിൽനിന്ന് അദ്‌ഭുതകരമായി രക്ഷപ്പെട്ട ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി. രജിഷയ്ക്ക് മണിക്കൂറുകൾ കഴിഞ്ഞ് ഇക്കാര്യം പറയുമ്പോഴും നെഞ്ചിടിപ്പ് വിട്ടുമാറുന്നില്ല.ചെമ്മട്ടംവയൽ ജില്ലാ ആസ്പത്രിക്കടുത്തെ വളവിലാണ് അപകടമുണ്ടായത്. കോവിഡ് നിരീക്ഷണ സെൽ ഓഫീസിലേക്ക് വരികയായിരുന്നു രജിഷ. പിന്നാലെ വന്ന മിനിലോറി മറികടക്കാനുള്ള ശ്രമത്തിനിടെ രജിഷയുടെ സ്കൂട്ടറിൽ ഇടിച്ചു. ഇവർ തെറിച്ചുവീണത് ദേശീയപാതാ മധ്യത്തിൽ. അപ്പോഴേക്കും ഒരു ടിപ്പർലോറിയെത്തി. ആ ലോറിയുടെ ഡ്രൈവറുടെ സമയോചിതമായ ബ്രേക്കിടൽ രജിഷയുടെ ജീവൻ കാത്തു. പെട്ടെന്ന് ബ്രേക്കിട്ടതിനാൽ അതിനു പിറകെ വരികയായിരുന്ന പാഴ്സൽ ലോറി ഈ ടിപ്പറിലിടിച്ചുനിന്നു. ഈ ലോറിയുടെ മുൻഭാഗം പാടെ തകർന്നു. നാട്ടുകാർ ഓടിയെത്തി രജിഷയെ ഉടൻ ആസ്പത്രിയിലെത്തിച്ചു. മുൻഭാഗം തകർന്ന പാഴ്സൽ ലോറി ഡ്രൈവർ മോഹൻരാജ്, ഫസൽ കള്ളാർ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. അതിനിടെ ആദ്യം സ്കൂട്ടറിലിടിച്ച മിനിലോറിക്കാരൻ നിർത്താതെ പോയി.


from mathrubhumi.latestnews.rssfeed https://ift.tt/3qtnOgw
via IFTTT