ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹദ് വ്യക്തികൾ ഇന്നായിരുന്നു ജീവിച്ചിരുന്നതെങ്കിൽ അവർ ജയിലിൽ കിടക്കുമായിരുന്നെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുമായി ശശി തരൂർ. ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഇന്ത്യയുടെ ഇന്നത്തെ ഭരണത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ഏതു വിധത്തിലായിരിക്കുംകൈകാര്യം ചെയ്യപ്പെടുകയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ്തരൂർ ഇട്ടത്. ഗാന്ധിജി അടക്കം ഇന്ത്യയുടെ അഭിവന്ദ്യരായ സ്വാതന്ത്ര്യ സമരഭടന്മാർ ഇന്നാണ് ജീവിച്ചിരുന്നതെങ്കിൽ അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ പേരിൽ ജയിലിൽ പോകുമായിരുന്നെന്ന് സൂചിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് തരൂരിന്റെ ട്വീറ്റ്.ഗാന്ധിജിയും അംബേദ്കറും അടക്കമുള്ളവർ അഴിക്കുള്ളിൽ കിടക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഹിന്ദു ആചാരങ്ങളെ ചോദ്യംചെയ്തതിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അംബേദ്കർ അഴിക്കുള്ളിലാകുന്നത്. ന്യായാധിപൻമാരെ വിമർശിച്ചതിന്റെ പേരിൽ വിചാരണ കാത്ത് കഴിയുകയാണ് മഹാത്മാ ഗാന്ധി. മതദേശീയതയെ എതിർത്തതിന്റെ പേരിൽ ശത്രുത പരത്തുന്നു എന്ന കുറ്റമാണ് മൗലാനാ ആസാദിന്റെ പേരിൽ ചാർത്തിയിരിക്കുന്നത്. വിപ്ലവാത്മകമായ കവിതകൾ എഴുതിയതിന് യുഎപിഎ ചുമത്തി ഭീകരവാദക്കുറ്റത്തിന് വിചാരണ കാത്തു കിടക്കുകയാണ് സരോജിനി നായിഡു. പ്രത്യേകിച്ച് ഒരു കാരണവും കാണിക്കാതെ ദേശീയ സുരക്ഷാ നിയമപ്രകാരം കരുതൽ തടങ്കലിലാണ് ഭഗത് സിങ്. ദുർനിയമങ്ങൾക്കെതിരെ സമരം ചെയ്തതിന് രാജ്യദ്രോഹ കുറ്റം ചുമത്തി ജാമ്യംനിഷേധിക്കപ്പെട്ട് തടവിൽ കഴിയുകയാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. അജ്ഞാതനായ ഒരാൾ പങ്കുവെച്ച ചിത്രം എന്ന മുഖവുരയോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് നാം പ്രശംസിച്ച വാക്കുകളും പ്രവൃത്തികളും ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി മാറിയിരിക്കുന്നെന്ന് തരൂർ കുറിച്ചു. Content Highlights:shashi tharoor tweet on freedom fighters in jail
from mathrubhumi.latestnews.rssfeed https://ift.tt/3cshHoW
via
IFTTT