Breaking

Thursday, January 28, 2021

അക്രമത്തിന് പിന്നിൽ കോൺഗ്രസും കമ്യൂണിസ്റ്റുമെന്ന് ജാവഡേക്കർ

ന്യൂഡൽഹി : .ജനപിന്തുണ നഷ്ടപ്പെട്ട കോൺഗ്രസും കമ്യൂണിസ്റ്റുകാരുമാണ് കർഷകരെ രംഗത്തിറക്കി ഡൽഹിയിൽ അക്രമം നടത്തിയതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു. ജനങ്ങൾ ഇതിന് മറുപടി നൽകും. സംഭവത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും രാജ്യത്തോടു മാപ്പ് പറയണമെന്ന് ബുധനാഴ്ച വൈകീട്ട് ബി.ജെ.പി. ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ ജാവഡേക്കർ ആവശ്യപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസും ബംഗാളിലടക്കം ജനപിന്തുണ നഷ്ടപ്പെട്ട കമ്യൂണിസ്റ്റുകാരും കടുത്ത നിരാശയിലാണ്. അവർ അക്രമത്തിലൂടെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ബംഗാളിലെ പുതിയ കൂട്ടുകെട്ടാണിവർ. എല്ലാ സംസ്ഥാനങ്ങളിലും അക്രമം നടത്തുന്നത് ഇവരാണ്. പൗരത്വനിയമത്തിനെതിരേ നടന്ന സമരത്തിന് പിന്നിലും ഇതേ ശക്തികളാണ് പ്രവർത്തിച്ചത്. ബി.ജെ.പി.യുടെയും മോദിയുടെയും ജനപിന്തുണ വർധിച്ചതിൽ അസ്വസ്ഥരായാണ് ഇതു ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിലെ അക്രമം നേരിടുന്നതിൽ പോലീസ് അങ്ങേയറ്റത്തെ സംയമനമാണ് പാലിച്ചത്. ആയുധങ്ങൾ കൈവശമുണ്ടായിട്ടും പോലീസ് പ്രയോഗിച്ചില്ല. കല്ലും വാളുകളും വടിയും ഉപയോഗിച്ച് സമരക്കാർ പോലീസിനെ നേരിട്ടിട്ടും അവർ പ്രകോപിതരായില്ല. കർഷകസമരം ഒത്തുതീർപ്പാക്കാൻ പതിനൊന്ന് വട്ടം സർക്കാർ സംഘടനകളുമായി ചർച്ച നടത്തി. നിയമങ്ങളിലെ ഏതൊക്കെ വ്യവസ്ഥകളാണ് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് അവർ പറയുന്നില്ല. പകരം നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. പരിഹാരം എന്ന നിലയിൽ ഒന്നരവർഷം നിയമം മരവിപ്പിച്ചു നിർത്താമെന്ന് സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ, ചിലർ അത് അംഗീകരിച്ചില്ല. പ്രശ്നം പരിഹരിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. Content Highlights:Farmers protest Kisan Parade


from mathrubhumi.latestnews.rssfeed https://ift.tt/3t1fG91
via IFTTT