കൊച്ചി: ഇടതുമുന്നണി വിടേണ്ടതില്ലെന്ന് എൻ.സി.പി. ദേശീയ അധ്യക്ഷൻ ശരത് പവാർ നേതാക്കളെ അറിയിക്കും. ഇതിനായി ഫെബ്രുവരി മൂന്നിന് ഡൽഹിയിലെത്താൻ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്റർ, മന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എം.എൽ.എ. എന്നിവർക്ക് നിർദേശം നൽകി. പാലാ സീറ്റിന്റെ പേരിൽ ഇടതുമുന്നണി വിടുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് എൻ.സി.പി. കേന്ദ്ര നേതൃത്വത്തിന് ഉള്ളത്. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, ശരത് പവാറുമായി ചർച്ചചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാലാ സീറ്റിന്റെ പേരിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതില്ലെന്ന് ദേശീയനേതൃത്വം തീരുമാനിച്ചത്. പാലാ സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റാണ് എൻ.സി.പി.ക്ക് മുന്നിൽ സി.പി.എം. വെച്ചിട്ടുള്ളത്. തുടർഭരണത്തിനുള്ള എല്ലാ സാധ്യതകളും സി.പി.എം. പവാറിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. തുടർ ഭരണം കിട്ടിയാൽ എൻ.സി.പി.ക്ക് മന്ത്രിസ്ഥാനം കിട്ടും. മന്ത്രി പദവിയും രാജ്യസഭാ അംഗത്വവുമെന്ന പാക്കേജിൽ പവാർ തൃപ്തനാണ്. ഇക്കാര്യത്തിൽ പവാറിന് ബുദ്ധിമുട്ടുണ്ടായിരുന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററുടെ നിലപാടായിരുന്നു. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് പറഞ്ഞിരുന്ന പീതാംബരൻ ഇക്കാര്യത്തിൽ ഏതറ്റംവരെയും പോകുമെന്ന സൂചനകളാണ് നൽകിയിരുന്നത്. എന്നാൽ, കേന്ദ്രനേതൃത്വത്തിന്റെ മനസ്സറിഞ്ഞ ശേഷം പീതാംബരൻ മാസ്റ്റർ നിലപാടിൽ മയം വരുത്തിയിട്ടുണ്ട്. പാലാ സീറ്റ് എൻ.സി.പി.ക്ക് കിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് അവിടത്തെ സിറ്റിങ് എം.എൽ.എ.യായ മാണി സി. കാപ്പന്റെ ബാധ്യതയായി. ഇതിന്റെ പേരിൽ കാപ്പൻ ചേരി മാറുകയാണെങ്കിൽ ഔദ്യോഗിക പക്ഷം അതിനെ പിന്തുണച്ചേക്കില്ല. കാപ്പനും കോട്ടയത്തെ ചില അനുയായികളും മാത്രം മുന്നണി വിടേണ്ടതായി വരും. ഇതിനിടെ കാപ്പനെ പാർട്ടിയുടെ ഉറച്ച സീറ്റായ എലത്തൂരിൽ മത്സരിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ പാർട്ടി ചുമതലകളിലേക്ക് കൊണ്ടുവരണമെന്ന നിർദേശം ഔദ്യോഗിക പക്ഷത്തുനിന്ന് വന്നിട്ടുണ്ട്. എന്നാൽ, എലത്തൂർ സീറ്റിൽ കണ്ണുവെച്ചിട്ടുള്ള സി.പി.എം. അത് വിട്ടുകൊടുക്കുന്നത് എ.കെ. ശശീന്ദ്രൻ മത്സരിക്കുമെന്നതിലൂടെയുള്ള ജയസാധ്യത മുൻനിർത്തിയാണ്. മറ്റൊരാളെ എൻ.സി.പി. അവിടേക്ക് പരിഗണിച്ചാൽ സി.പി.എം. അതിനെതിരേ രംഗത്തുവന്നേക്കും. Content Highlights: NCP will not leave LDF, Mani C Kappan
from mathrubhumi.latestnews.rssfeed https://ift.tt/3anbhVv
via
IFTTT