Breaking

Sunday, January 31, 2021

മാണി മഹത്തായ സേവനംചെയ്ത നേതാവ്- എം.എം. മണി

പാലാ: മാണി മഹത്തായ സേവനംചെയ്ത ജനനേതാവെന്ന് മന്ത്രി എം.എം.മണി. കെ.എം.മാണി ഫൗണ്ടേഷൻ സംസ്ഥാനത്ത്‌ സംഘടിപ്പിച്ച കെ.എം.മാണി സ്മൃതി സംഗമങ്ങളുടെ സമാപനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സാറെന്ന വിളിക്ക് അർഹനായത് കെ.എം.മാണി മാത്രം. സ്വന്തം മണ്ഡലത്തെ മറക്കാത്തതായിരുന്നു മാണി നൽകിയ മാതൃക. ജനാധിപത്യത്തിലെ ഇത്തരം മിനിമം ചുമതലകൾ പോലും മറക്കുന്നവരാണ് പല ജനപ്രതിനിധികളും. ഇന്നത്തെ നിലയിലേക്ക്‌ പാലായെ പടുത്തുയർത്തിയത് കെ.എം.മാണിയായിരുന്നു. നാട് ഇന്ന് ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോവുകയാണ്. ഒരൊറ്റ തിരഞ്ഞെടുപ്പും ഒരു നേതാവും ഒരു പാർട്ടിയും എന്ന രീതിയിൽ ഭ്രാന്തൻ ആശയങ്ങളാണ് രാജ്യത്തെമ്പാടും ചിലർ ഉയർത്തിക്കൊണ്ടുവരുന്നത്. രാജ്യത്തിന്റെ ഏക പച്ചത്തുരുത്ത് ഇന്ന് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.പാലാ ജനറൽ ആശുപത്രിക്ക് സമീപമുള്ള മുനിസിപ്പൽ പാർക്കിലെ ഓപ്പൺ സ്റ്റേജിൽ സ്ഥാപിച്ചിട്ടുള്ള മാണിയുടെ ഛായാചിത്രത്തിനു മുമ്പിൽ സാമൂഹിക, സാംസ്‌കാരിക, കലാ, കായിക, രാഷ്ട്രീയ രംഗങ്ങളിൽനിന്നുള്ളവർ പുഷ്പാഞ്ജലി അർപ്പിച്ചു.ഇതോടനുബന്ധിച്ച് പ്രാർഥനാ ഗീതാലാപനവും മാണിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.പാർട്ടി ചെയർമാൻ ജോസ് കെ.മാണി,എം.എൽ.എമാരായ റോഷി അഗസ്‌റ്റിൻ, എൻ. ജയരാജ്, മാർ ജേക്കബ് മുരിക്കൻ, എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ്, വിവിധ സമുദായ നേതാക്കളായ സി.പി. ചന്ദ്രൻ നായർ, എം.ബി.ശ്രീകുമാർ, മുഹമ്മദ് നസീർ മൗലവി തുടങ്ങിയവർ അനുസ്മരണപ്രസംഗം നടത്തി.കാപ്പനെതിരേ ഒളിയമ്പെയ്‌ത് മണിപാലാ: മാണി സ്മൃതിസംഗമത്തിൽ പങ്കെടുക്കാൻ മാണി സി.കാപ്പൻ എത്തിയില്ല. എം.എൽ.എയുടെ അഭാവം ശ്രദ്ധേയമായപ്പോൾ കെ.എം.മാണിയെ വികസന നായകനെന്ന് പുകഴ്ത്തിയും കാപ്പനെതിരേ ഒളിയമ്പെയ്തും മന്ത്രി എം.എം. മണി.അറക്കുന്നതിന് മുമ്പ് ആരും പെടയ്ക്കണ്ടെന്ന് രാഷ്ട്രീയം പറയുന്നതിനിടയിൽ മണി പറഞ്ഞു. എന്തും ചർച്ചചെയ്ത് പരിഹരിക്കുവാൻ ശേഷിയുള്ളതാണ് ഇടതു മുന്നണി .സീറ്റുകാര്യം ചർച്ചചെയ്ത് പരിഹരിക്കുവാൻ മുന്നണിക്കറിയാം. ഇടതുമുന്നണി ആരെയും ഒഴിവാക്കുന്ന മുന്നണിയല്ല. കേരള കോൺഗ്രസ്സിനെ അർഹമായ പിന്തുണ നൽകിയാണ് ഇടതു മുന്നണി സ്വീകരിച്ചത്.എല്ലാ സ്ഥാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന രീതിയല്ല മുന്നണിയിൽ സി.പി.എം. സ്വീകരിക്കുന്നത്.കെ.എം.മാണിയാണ് പാലായുടെ വികസന നായകനെന്നും മന്ത്രി മണി പറഞ്ഞു. തിരക്കുമൂലമാണ് മാണി സി.കാപ്പൻ എം.എൽ.എ. എത്താത്തതെന്ന് സ്വാഗത പ്രസംഗകൻ വേദിയിൽ പറഞ്ഞിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3r7E2Mo
via IFTTT