Breaking

Thursday, January 28, 2021

ചെങ്കോട്ടയിലെ കൊടിനാട്ടൽ: ഖലിസ്താൻ ബന്ധം അന്വേഷിക്കുന്നു

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കുമുകളിൽ സിഖ് പതാക നാട്ടിയവർക്ക് ഖലിസ്താൻ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജൻസ് ഏജൻസികൾ. സിഖ് ഗുരുദ്വാരകളിലുംമറ്റും കെട്ടാറുള്ള നിഷാൻ സാഹിബ് പതാകയാണ് ചെങ്കോട്ടയിലെ കൊടിമരത്തിൽ കെട്ടിയത്. പഞ്ചാബ് താൻ തരൺ ജില്ലയിലെ വാൻതാരാസിങ് ഗ്രാമക്കാരനായ ജുഗ്രാജ് സിങ് എന്ന യുവാവാണ് കൊടി നാട്ടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുടെ ബന്ധു അഭിമാനത്തോടെ ഇക്കാര്യം പങ്കുവെക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്താൻ പതാക ഉയർത്തുന്നവർക്ക് രണ്ടരലക്ഷംരൂപ പ്രതിഫലംനൽകുമെന്ന് നിരോധിതസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് രണ്ടാഴ്ചമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണോ കിസാൻ പരേഡിന്റെ റൂട്ടുമാറ്റി കർഷകരിൽ ഒരുവിഭാഗം എത്തിയതെന്ന് അന്വേഷിക്കുകയാണ് ഇന്റലിജൻസ് ഏജൻസികൾ. ചെങ്കോട്ടയിലെ സി.സി.ടി.വി. ഉൾപ്പെടെയുള്ള ദൃശ്യങ്ങളും വിശദമായി പരിശോധിക്കും. ആസൂത്രകൻ ദീപ് സിദ്ദു? ചെങ്കോട്ടയിൽ സിഖ് പതാക നാട്ടിയതടക്കമുള്ള സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദു. ഡൽഹി ഔട്ടർ റിങ് റോഡിലൂടെ ട്രാക്ടർറാലി നടത്താനുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ ആസൂത്രണത്തിൽ സിദ്ദുവും പങ്കാളിയായി. കൊടിമരത്തിൽ സിഖ് പതാക നാട്ടാൻ നേതൃത്വംനൽകിയത് സിദ്ദുവാണെന്നാണ് വിവരം. ഇതിനുശേഷം സിദ്ദു ഫെയ്സ്ബുക്ക് ലൈവ് നടത്തി. ഈ വേളയിൽ കർഷകരിൽ ചിലർ ക്ഷുഭിതരായി, 'സമരം നശിപ്പിച്ചതു നീയാണെ'ന്ന് സിദ്ദുവിനെ കുറ്റപ്പെടുത്തുന്നതിന്റെയും ശകാരങ്ങൾക്കൊടുവിൽ ബൈക്കിൽക്കയറി പോവുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഒറ്റയ്ക്ക് തനിക്കെങ്ങനെ ഇത്രയുംപേരെ ചെങ്കോട്ടയിൽ എത്തിക്കാൻ കഴിയുമെന്നാണ് കർഷകരുടെ വിമർശനങ്ങളോട് സിദ്ദുവിന്റെ പ്രതികരണം. വിഘടനവാദികളായ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട കേസിൽ സിദ്ദുവിനും സഹോദരൻ മൻപ്രീത് സിങ്ങിനുമെതിരേ അടുത്തിടെ എൻ.ഐ.എ. നോട്ടീസയച്ചിരുന്നു. ചലച്ചിത്രതാരമാവുന്നതിനുമുമ്പ് മോഡലും അഭിഭാഷകനുമായിരുന്നു സിദ്ദു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുരുദാസ്പുരിലെ ബി.ജെ.പി. സ്ഥാനാർഥി ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ പ്രചാരണവിഭാഗം മാനേജരായിരുന്നു. കർഷകപ്രക്ഷോഭം ആരംഭിച്ചതോടെ സിദ്ദു ബി.ജെ.പി.ക്കെതിരേ സംസാരിച്ച് സമരവേദിയിലെത്തി. ഡൽഹി ചലോ മാർച്ച് സിംഘു അതിർത്തിയിൽ തടഞ്ഞപ്പോൾ പോലീസിനോട് ഇംഗ്ലീഷിൽ കർഷകർക്കുവേണ്ടി വാദിക്കുന്ന സിദ്ദുവിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമൊപ്പമുള്ള സിദ്ദുവിന്റെ ചിത്രങ്ങളും സണ്ണി ഡിയോളിന്റെ പ്രചാരണമാനേജരായിരുന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ബി.ജെ.പി. ബന്ധം കർഷകനേതാക്കൾ ഉറപ്പിക്കുന്നത്. content highlights: farmer republic day tractor rally red fort flag hoisting


from mathrubhumi.latestnews.rssfeed https://ift.tt/3j003Kj
via IFTTT