കൊട്ടിയം (കൊല്ലം) : ബൈക്ക് മോഷ്ടാവെന്നുകരുതി പിടികൂടിയ യുവാവിനെ ഒരുസംഘമാളുകൾ തല്ലിച്ചതച്ചു. മൈലാപ്പൂര് സ്വദേശി ഷംനാദിനാണ് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോഷ്ടിച്ച ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു ഷംനാദ്. മറ്റ് രണ്ടുപേർക്കൊപ്പം സഞ്ചരിക്കവേ ബൈക്കുടമ കാറിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രായപൂർത്തിയാകാത്തവരായിരുന്നു ബൈക്ക് മോഷ്ടിച്ചവർ. പിടികൂടിയ ഷംനാദിനെ ബൈക്കുടമയും സ്ഥലത്തുണ്ടായിരുന്ന ഏഴോളംപേരും ചേർന്ന് മർദിച്ചു. മർദനത്തിൽനിന്നു രക്ഷപ്പെടാനായി ഓടി അടുത്തുള്ള വീടിൻറെ ശൗചാലയത്തിൽ ഒളിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി വീണ്ടും മർദിച്ചു. പിന്നീട് കൊട്ടിയം പോലീസിന് കൈമാറി. ബൈക്ക് മോഷണംപോയതിന് പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതിനാൽ ഇവരെ പാരിപ്പള്ളി പോലീസിന് കൈമാറി. ബൈക്കിൽ മൈലക്കാടുനിന്നു ലിഫ്റ്റ് ചോദിച്ചു കയറി എന്നാണ് ഷംനാദ് പോലീസിനോടു പറഞ്ഞത്. അതോടെ പാരിപ്പള്ളി പോലീസ് ഇയാളെ വിട്ടയച്ചു. മർദിച്ചവർക്കെതിരേ ഷംനാദ് കൊട്ടിയം പോലീസിൽ പരാതിനൽകി. കുതിരയെ പരിപാലിക്കുന്നയാളാണ് ഷംനാദ്. കാറിൽ വരുമ്പോൾ രണ്ടുദിവസംമുൻപ് മോഷണംപോയ ബൈക്ക് പോകുന്നതുകണ്ട് ഉടമ ഇവരെ പിന്തുടരുകയായിരുന്നു. മൈലക്കാട് കാറ്റാടിമുക്കിൽെവച്ച് ബൈക്കിനെ തട്ടിവീഴ്ത്തിയശേഷം ആളുകളെക്കൂട്ടി യാത്രികരെ പിടികൂടുകയായിരുന്നു. മർദനത്തിനു നേതൃത്വം നൽകിയയാളെ കൊട്ടിയം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3prm8UD
via
IFTTT