Breaking

Friday, January 29, 2021

രാകേഷ് ടികായത് വിതുമ്പിയത്‌ വഴിത്തിരിവായി; ഗാസിപ്പുരിലേക്ക് കര്‍ഷകരുടെ ഒഴുക്ക്

ന്യൂഡൽഹി: വ്യാഴാഴ്ച ഉച്ചമുതൽ ഡൽഹി-യുപി അതിർത്തിയായ ഗാസിപ്പുരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. നവംബർ അവസാനം മുതൽ ഇവിടെ തമ്പടിച്ചിട്ടുള്ള ആയിരക്കണക്കിന് കർഷകരോട് ഉടൻ പ്രദേശം വിട്ടുപോകണമെന്ന ജില്ലാഭരണകൂടത്തിന്റെ നോട്ടീസും വൻ പോലീസ് സന്നാഹങ്ങളും ഇതിന് ആക്കം കൂട്ടി. അർദ്ധരാത്രിയോടെ പോലീസ് നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന് പിന്നാലെയായിരുന്നു പോലീസിന്റെ നീക്കം. ഇതിനിടെ ചില കർഷക സംഘടനകൾ സമരത്തിൽ നിന്ന് പിൻവാങ്ങിയതിനെ തുടർന്ന് ഒഴിഞ്ഞുപോക്കും ഉണ്ടായിരുന്നു. ബുധനാഴ്ച മുതൽ തന്നെ ഗാസിപ്പുർ അതിർത്തിയിൽ വൈദ്യുതിയും ജലവിതരണവും അധികൃതർ തടസ്സപ്പെടുത്തിയിരുന്നു. ഇത് സമരത്തേയും ബാധിച്ചു. പോലീസ് നടപടി ഉടൻ പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് വ്യാഴാഴ്ച രാത്രിയോടെ ഭാരതീയ കിസാൻ യൂണിയൻ നേതാക്കൾ ഗാസിപ്പുരിലെത്തി കർഷകരെ അഭിസംബോധന ചെയ്തത്. നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. പോലീസിനൊപ്പം ബിജെപി നേതാക്കളുമുണ്ടെന്ന് കർഷക നേതാക്കൾ ആരോപിച്ചു. ഒരിക്കലും കീഴടങ്ങാൻ പോകുന്നില്ലെന്നും പ്രതിഷേധം തുടരുമെന്നും നേതാക്കൾ ജനക്കൂട്ടത്തിന് മുന്നിൽ പ്രഖ്യാപനം നടത്തി. ഭാരതീയ കിസാൻ യൂണിയൻ ദേശീയ വാക്താവ് രാകേഷ് ടികായത് വേദിയിലെത്തി താൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ പ്രതിഷേധത്തിലേക്ക് വിളിക്കുമെന്നും അറിയിച്ചു. പിന്നീട് അദ്ദേഹം ദേശീയ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കവെ വിങ്ങിപൊട്ടി. എന്റെ ഗ്രാമീണർ എനിക്കായി വെള്ളം കൊണ്ടുവരുന്നത് വരെ ഞാൻ ഒരു തുള്ളിവെള്ളം കുടിക്കില്ലെന്നും നിരഹാര സമരത്തിലേക്ക് കടക്കുകയാണെന്നും പ്രഖ്യാപിച്ചു. ആയുധ ധാരികളായ ഗുണ്ടകളെ ഇങ്ങോട്ടേക്കയച്ചിട്ടുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സമാധാനപരമായി കോടതി അറസ്റ്റ് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ പ്രതിഷേധക്കാർ മടങ്ങിയെത്തുമ്പോൾ അക്രമം അഴിച്ചുവിടാനുള്ള ഒരു പദ്ധതിയുണ്ടെന്ന് തോന്നുന്നു. അത്തരം ഒരു പദ്ധതി ഉണ്ടെങ്കിൽ ഞാൻ ഇവിടെ തന്നെ തുടരും. വെടിയുണ്ടകളെ നേരിടും. രാകേഷ് ടികായത് പറഞ്ഞു. बिल वापसी ना होने पर आत्महत्या करने की धमकी दी राकेश टिकैत ने#KhojKhabar पूरी ख़बर: https://t.co/opiR58YgaM pic.twitter.com/v4rm8i7GKZ — TezTV (@TezChannel) January 28, 2021 പ്രതിഷേധം വീണ്ടും ശക്തിപ്പെടുന്നതിന് ഇത് വഴിത്തിരിവായി. താമസിയാതെ നൂറുകണക്കിന് അനുയായികൾ യുപിയിലെ സിസൗലിയിലുള്ള രാകേഷ് ടികായതിന്റെ വീടിന് മുന്നിൽ തടിച്ചുകൂടി. അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മുദ്രാവാക്യം വിളികളുയർന്നു. ഗാസിപ്പുർ വിട്ടുപോകാൻ നേരത്തെ സമ്മതം അറിയിച്ച അദ്ദേഹത്തിന്റെ സഹോദരനും ഭാരതീയ കിസാൻ യൂണിയൻ അധ്യക്ഷനുമായ നരേഷ് ടികായത് ഭാവി പരിപാടികൾ തീരുമാനിക്കാൻ മുസാഫർ നഗറിൽ കാപ് പഞ്ചായത്ത് വിളിക്കുമെന്ന് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും ശക്തമായ ജാട്ട് സംഘടനയായ ബാലിയൻ കാപ് പഞ്ചായത്തിന്റെ നേതാവാണ് നരേഷ്. ഇതിനിടെ രാകേഷ് ടികായത്ത് കരയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്തു. ഇതോടെ നരേഷ് ടികായത്തിന് മേൽ ഗാസിപ്പുരിലേക്ക് മടങ്ങാൻ സമ്മർദ്ദമേറി. രാത്രി പതിനൊന്നു മണിയോടെ ഗാസിപ്പുരിൽ ആൾക്കൂട്ടം വീണ്ടും വലുതായി തുടങ്ങി. മീററ്റ്, ബറൗട്ട്, ബാഘ്പത്ത് എന്നിവിടങ്ങളിൽ നിന്ന് രാകേഷ് ടികായതിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കർഷക സംഘങ്ങൾ എത്തി തുടങ്ങി. കർഷകരോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജാട്ട് മഹാസംഘും ഗാസിപ്പുരിലെത്തി. ഇത് നമ്മുടെ കർഷകരുടെ മരണത്തിനെതിരായ പോരാട്ടമാണ്. ആയിരകണക്കിന് പേർ ഉടൻ ഇങ്ങോട്ടേക്കെത്തും ജാട്ട് നേതാവ് രോഹിത് ജഖാർ പറഞ്ഞു. ഹരിയാണയിലെ കന്ദേലയിൽ രാകേഷ് ടികായതിന്റെ അനുയായികൾ ജിന്ദ്-ചണ്ഡിഗഢ് റോഡ് തടഞ്ഞു. ഗാസിപ്പുരിൽ ആൾക്കൂട്ടവും പ്രതിഷേധം കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തതോടെ വ്യാഴാഴ്ച രാവിലെ മുതൽ വിന്യസിച്ചപോലീസ് സന്നാഹം പതുക്കെ പിൻമാറാനുള്ള ഒരുക്കത്തിലാണ്. Content Highlights:Rakesh Tikaits tears become turning point, crowd returns to Ghazipur


from mathrubhumi.latestnews.rssfeed https://ift.tt/2Ys7LmQ
via IFTTT