Breaking

Saturday, January 30, 2021

എണ്ണം കൂട്ടാനല്ല, കേരളത്തില്‍ 71 സീറ്റ് പിടിച്ച് ഭരണമാണ് ബിജെപി ലക്ഷ്യം-സിപി രാധാകൃഷ്ണന്‍

തൃശൂർ:കേരളത്തിൽ സീറ്റ് കൂട്ടാനല്ല 71 എന്ന മാന്ത്രികസംഖ്യ കടക്കാനാണ് ബി.ജെ.പി. മത്സരിക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി. രാധാകൃഷ്ണൻ ബിജെപിനിർവാഹകസമിതി യോഗത്തിന്റെ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. തൃശ്ശൂരിൽനടന്ന പാർട്ടി സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ സ്ഥാനാർഥിനിർണയം ചർച്ചയായില്ലെങ്കിലും നേതാക്കളുടെ കൂട്ടമത്സരക്കാര്യത്തിൽ സൂചനയുണ്ടായിട്ടുണ്ട്. പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാക്കൾ കൂട്ടത്തോടെ മത്സരരംഗത്തുണ്ടാവില്ല. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രചാരണം നയിക്കാൻ നിയോഗിക്കപ്പെടുന്നതിനാൽ മത്സരിക്കാൻ സാധ്യതയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ നേതാക്കളെല്ലാം മത്സരരംഗത്തുവന്നതിനാൽ പ്രചാരണം നയിക്കാൻ ആളില്ലാത്ത സ്ഥിതി തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് പാർട്ടി. കോന്നിയിൽ കെ. സുരേന്ദ്രൻ മത്സരിക്കുമെന്നാണ് ആദ്യം കേട്ടിരുന്നത്. എന്നാൽ, സുരേന്ദ്രന് ഒരു മണ്ഡലത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ടിവന്നാൽ അതു ദോഷംചെയ്യുമെന്ന് നിർവാഹകസമിതി യോഗത്തിൽ ചിലർ ചൂണ്ടിക്കാട്ടി. സംസ്ഥാന നേതാക്കളിൽ ആരൊക്കെ വിട്ടുനിൽക്കണമെന്നത് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുക. ഇക്കാര്യം കെ. സുരേന്ദ്രൻ നിർവാഹകസമിതി യോഗത്തിനുശേഷംനടന്ന പത്രസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. ക്രൈസ്തവപിന്തുണ ഉറപ്പിക്കാൻ ശ്രമം ക്രൈസ്തവ സമുദായത്തിനുകൂടി സ്വീകാര്യരും പൊതുസമ്മതരുമായ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ശ്രമമുണ്ടാവണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ ഓർത്തഡോക്സ്, യാക്കോബായ സഭകളെ വിശ്വാസത്തിലെടുക്കാനും പാർട്ടി ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷനായി. ഒ. രാജഗോപാൽ എം.എൽ.എ., കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻ, എം.ടി. രമേശ്, ജോർജ് കുര്യൻ, ബി. ഗോപാലകൃഷ്ണൻ, സി. കൃഷ്ണകുമാർ, പി. സുധീർ, കെ.കെ. അനീഷ്കുമാർ എന്നിവർ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed https://ift.tt/3crCeK6
via IFTTT