Breaking

Sunday, January 31, 2021

യു.ഡി.എഫ്‌. ഐശ്വര്യ കേരളയാത്ര ഇന്ന് തുടങ്ങും

കാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായറാഴ്ച കുമ്പളയിൽനിന്ന് പ്രയാണമാരംഭിക്കും. വൈകുന്നേരം മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ദുർഭരണം, അഴിമതി എന്നിവയിൽനിന്നും രക്ഷിച്ച് സമ്പൽസമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളമെന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. യാത്ര തുടങ്ങുന്ന കുമ്പളയിലും വിവിധ സ്വീകരണകേന്ദ്രങ്ങളിലും അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. മതേതരമൂല്യങ്ങൾ മുറുകെപ്പിടിക്കുന്ന കേരളീയസമൂഹത്തിൽനിന്ന് ബി.ജെ.പി.-സി.പി.എം. കൂട്ടുകെട്ടിൽ പിറക്കുന്ന വർഗീയ അജൻഡകൾ പിഴുതെറിയുകയും ഇത്തരം നീക്കങ്ങളെ ജനങ്ങളുടെ ഇടയിൽ തുറന്നുകാട്ടുകയുമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു. യാത്രയുടെ ഉദ്ഘാടനവും വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണങ്ങളും കോവിഡ് ചട്ടങ്ങൾ പാലിച്ചാകും നടത്തുക. യാത്രയിൽ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ, ഘടകകക്ഷിനേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ.മുനീർ, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി.ജോൺ, സി.ദേവരാജൻ തുടങ്ങിയവർ അംഗങ്ങളാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കാസർകോട് മണ്ഡലത്തിലെ ചെർക്കള, തിങ്കളാഴ്ച രാവിലെ 10-ന് ഉദുമ മണ്ഡലത്തിലെ പെരിയ, 11-ന് കാഞ്ഞങ്ങാട്, ഉച്ചയ്ക്ക് 12-ന് തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന് യാത്ര കണ്ണൂർജില്ലയിലേക്ക് പ്രവേശിക്കും. സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22-ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ പങ്കെടുക്കും. content highlights:udf aiswarya kerala yathra to start from today


from mathrubhumi.latestnews.rssfeed https://ift.tt/3ozARvx
via IFTTT