Breaking

Wednesday, January 27, 2021

ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിൽ വർധന

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-ൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയർന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾക്ക് എഫ്.ഡി.ഐ.യിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയും ചൈനയും വളർച്ച കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞവർഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം. ഡിജിറ്റൽ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവിടങ്ങളിലേക്ക് ഫെയ്സ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികൾ നടത്തിയ മൂലധന നിക്ഷേപം വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. അതേസമയം, ആഗോള തലത്തിൽ എഫ്.ഡി.ഐ. 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019-ൽ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര-വികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ട്രെൻഡ് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2008-09 ആഗോള സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ പ്രകടമായതിനേക്കാൾ 30 ശതമാനത്തിലധികം താഴെയാണ് 2020-ലെ ആഗോള എഫ്.ഡി.ഐ. വികസിത രാജ്യങ്ങളിലാണ് ഇടിവ് കൂടുതൽ. ഈ രാജ്യങ്ങളിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് 69 ശതമാനമാണ് കുറഞ്ഞത്. 2021-ലും എഫ്.ഡി.ഐ. ദുർബലപ്പെടുമെന്നാണ് റിപ്പോർട്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3ce4LCJ
via IFTTT