Breaking

Friday, January 29, 2021

ജയിലിലേക്ക് ‘നഴ്‌സറി’ സമ്മാനവുമായി ‘തുരപ്പൻ’

കണ്ണൂർ: സ്‌പെഷ്യൽ സബ്ജയിലിന്റെ ഗേറ്റിൽ കഴിഞ്ഞദിവസം അതിരാവിലെ ആരോ മുട്ടിവിളിക്കുന്നതുകേട്ട് കാവൽക്കാരൻ നോക്കിയപ്പോൾ ‘തുരപ്പനാണ്’. ഒന്നരമാസം ജയിലിൽ കഴിഞ്ഞശേഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയ തുരപ്പൻ എന്നറിയപ്പെടുന്ന സന്തോഷ് പോലീസ് അകമ്പടിയോടെയല്ലാതെ തനിച്ച്. അതും ഓട്ടോ ഓടിച്ച് അതിരാവിലെ എത്തിയതെന്തിനെന്നറിയാതെ ജയിൽ സബോർഡിനേറ്റ് ഓഫീസർ അമ്പരന്നുനിൽക്കെ തുരപ്പന്റെ പ്രഖ്യാപനം- ‘ഞാനൊരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട്. നല്ല ചെടികൾ. വില കൊടുത്ത് വാങ്ങിയതാണ്...’ വൈവിധ്യമാർന്ന കൃഷികളിലൂടെ ഹരിത ജയിലെന്ന് ശ്രദ്ധ പിടിച്ചുപറ്റിയയിടമാണ് കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ. എന്തുചെയ്യണമെന്നറിയാതെ കാവൽക്കാരൻ സൂപ്രണ്ടിനെ ഫോണിൽ വിളിച്ചു. തുരപ്പൻ ഒരു ഗുഡ്‌സ് ഓട്ടോ നിറയെ ചെടികൾ കൊണ്ടുവന്നിരിക്കുന്നു!. ‘‘ജയിലിൽ അതൊന്നും വേണ്ടെന്ന് പറയൂ, പോലീസിനെ വിളിക്കൂ..’’ എന്ന് മറുപടി. സംഗതി പന്തിയല്ലെന്നുകണ്ട സന്തോഷ് വണ്ടി സ്റ്റാർട്ടാക്കി അല്പമകലെ ജയിൽവളപ്പിൽ ചെടിച്ചട്ടികൾ ഇറക്കി രക്ഷപ്പെട്ടു. സൂപ്രണ്ട് ടി.കെ. ജനാർദനൻ ജയിലിലെത്തി പോലീസിലറിയിച്ചു. പറശ്ശിനിപ്പാലത്തിനടുത്തുവെച്ച് ഓട്ടോ പോലീസ് കസ്റ്റഡിയിലായി. മൂന്നുപേർ ഓടിരക്ഷപ്പെട്ടതായാണ് മയ്യിൽ പോലീസ് നൽകിയ വിവരം. തളിപ്പറമ്പ് ഡിവൈ.എസ്.പി. ടി.കെ. രത്നകുമാറിന്റെയും പെരിങ്ങോം ഇൻസ്പെക്ടർ രാജഗോപാലന്റെയും നേതൃത്വത്തിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. പെരിങ്ങോം മാത്തിൽ വൈപ്പിരിയത്തെ ഒരു കട കുത്തിത്തുറന്ന് അരലക്ഷത്തോളം രൂപ കൊള്ളയടിച്ച സന്തോഷ് പിന്നീട് കാണുന്നത് ഒരു നഴ്‌സറിയാണ്. റബ്ബർഷീറ്റും അടയ്ക്കയും മറ്റും മോഷ്ടിച്ചാൽ കൈയിലെടുത്തുകൊണ്ടുപോകാനുള്ള പ്രയാസം കാരണം ഈയിടെ തുരപ്പൻ ഒരു ഗുഡ്‌സ് ഓട്ടോ വാങ്ങിയിട്ടുണ്ടായിരുന്നു. ഗുഡ്‌സ് ഓട്ടോ കാലിയാക്കി പോകുന്നതെങ്ങനെ. ആദ്യമായി 20 ചെടിച്ചട്ടികൾ കൊള്ളയടിച്ചു. മോഷണത്തിന് രണ്ടുദിവസത്തിനുശേഷമാണ് ജയിലിലേക്കെത്തിച്ചതെന്നതിനാൽ വിൽപ്പന ശ്രമം പരാജയപ്പെട്ടതാവുമെന്നും കരുതുന്നുണ്ട്. മലഞ്ചരക്കുകൾ പ്രത്യേകിച്ച് റബ്ബർഷീറ്റ്, അടയ്ക്ക എന്നിവ മോഷ്ടിച്ച് വിൽക്കുകയാണ് കാൽനൂറ്റാണ്ടോളമായി സന്തോഷ്. വീടോ ബന്ധുക്കളോ മൊബൈൽഫോണോ ഇല്ലാത്ത സന്തോഷ് തുരപ്പൻ എന്ന്‌ അറിയപ്പെടുന്നത് ചെറിയ കമ്പിക്കഷണമാണ് ആയുധമെന്നതിനാലാണ്. അതുപയോഗിച്ച് ഏതും തുരക്കും. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും ജയിലിൽ, കൂടുതലും സെൻട്രൽ ജയിലിൽ ഒന്നോ രണ്ടോ മാസം താമസം. ശിക്ഷ കഴിഞ്ഞോ ജാമ്യത്തിലിറങ്ങിയോ വീണ്ടും തൊഴിൽ. സ്ഥിരംകൂട്ടുകാരില്ലാതിരിക്കാൻ ശ്രദ്ധിക്കുന്ന സന്തോഷ് താത്‌കാലികമായി ജൂനിയർ മോഷ്ടാക്കളെയാണ് സഹായികളാക്കുകയാണ്‌ പതിവ്. കിട്ടുന്ന പണം മംഗളൂരുവിലും മറ്റും പോയി ആഡംബരച്ചെലവുചെയ്ത് തീർന്നാൽ തിരിച്ചെത്തി വീണ്ടും മലയോരമേഖലയിൽ പണിതുടങ്ങും. പോലീസ് കസ്റ്റഡിയിലെത്തിയാൽ, ജയിലിലെത്തിയാൽ എല്ലാം തുറന്നുപറയും. പുറത്തെത്തിയാൽ മോഷണം മാത്രമാണ് തൊഴിലെങ്കിൽ ജയിലിലെത്തിയാൽ കഠിനാധ്വാനിയുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3oroPnJ
via IFTTT