Breaking

Friday, January 29, 2021

ഐ.എഫ്.എഫ്.കെ: ഓൺലൈൻ രജിസ്ട്രേഷൻ 30 മുതൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംസ്ഥാനത്തെ നാല് മേഖലകളിലായി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെ.യുടെ ഓൺലൈൻ രജിസ്ട്രേഷൻ 30-ന് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് ഫെബ്രുവരി 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് ഒന്നുമുതൽ അഞ്ചുവരെയുമാണ് മേള. ഫ്രഞ്ച് സംവിധായകൻ ഷീൻ ലുക് ഗൊദാർദിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർേപഴ്സൺ ബീനാപോൾ, അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചിട്ടുണ്ട്. തങ്ങളുടെ സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽത്തന്നെ പ്രതിനിധികൾ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്തണം. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശ്ശൂർ), തലശ്ശേരി (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്) എന്നിങ്ങനെ ആയിരിക്കും മേഖലകൾ. ആലപ്പുഴ ജില്ലയിലുള്ളവർക്ക് തിരുവനന്തപുരത്തും കൊച്ചിയിലും തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് കൊച്ചിയിലും പാലക്കാട്ടും വയനാട് ജില്ലയിൽ ഉള്ളവർക്ക് പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലും രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉണ്ടായിരിക്കും. registration.iffk.in എന്ന വെബ്സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർചെയ്ത പ്രതിനിധികൾക്ക് അവരുടെ ലോഗിൻ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. കോവിഡ് ടെസ്റ്റിന് സൗകര്യം തിരുവനന്തപുരം 2500, കൊച്ചി 2500, തലശ്ശേരി 1500, പാലക്കാട് 1500 എന്നിങ്ങനെ 8000 പാസുകളാണ് ആകെ വിതരണം ചെയ്യുക. എല്ലാ മേഖലകളിലും ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനുമുമ്പ് കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കും. മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും പാസ് നൽകും. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. എല്ലായിടങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക. വിവിധ വിഭാഗങ്ങളിലായി 80 ചിത്രങ്ങൾ പ്രദർശിപ്പിക്കും. തിയേറ്ററുകളിൽ മൊത്തം സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി എന്നിവിടങ്ങളിലും കൊച്ചിയിൽ സരിത സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്ക്രീൻ-1 എന്നിവയിലും തലശ്ശേരിയിൽ മൂവി കോംപ്ളക്സിലുള്ള അഞ്ച് തിയേറ്ററുകളിലും ലിബർട്ടി മൂവി ഹൗസിലും പാലക്കാട് പ്രിയ, പ്രിയദർശിനി, പ്രിയതമ,സത്യ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയേറ്ററുകളിലുമാണ് മേള നടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തില്ലെന്ന് ഗൊദാർദ് അറിയിച്ചതിനാൽ ഓൺലൈനായി പങ്കെടുക്കും. അദ്ദേഹത്തിനുവേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങും. Content Highlights: International Film Festival Of Kerala Registration, IFFK 2020-2021


from mathrubhumi.latestnews.rssfeed https://ift.tt/3j0U0oL
via IFTTT