Breaking

Saturday, January 30, 2021

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും പ്രവാസി പ്രതിനിധികള്‍: സംവരണ മണ്ഡലത്തിന് ശുപാര്‍ശ

തിരുവനന്തപുരം : പ്രവാസി ഭാരതീയർക്കായി ജനപ്രാതിനിധ്യ സഭകളിൽ പ്രത്യേക സംവരണ മണ്ഡലം വേണമെന്ന് സി.വി. ആനന്ദബോസ് കമ്മിഷൻ. ഓരോ രാജ്യത്തുമുള്ള പ്രവാസികളുടെ എണ്ണമനുനുസരിച്ച് അവരുടെതന്നെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് വെർച്വൽ മണ്ഡലങ്ങളാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്. തദ്ദേശസ്ഥാപനങ്ങൾ മുതൽ ലോക് സഭയിൽ വരെ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത് അയക്കുന്നതിന് പ്രവാസികൾക്ക് അവസരം നൽകുന്നതാണ് കമ്മിഷന്റെ ശുപാർശ. പ്രവാസി, അതിഥി, കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനായി കേന്ദ്രസർക്കാരാണ് സി.വി. ആനന്ദബോസിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചത്. കോവിഡ് ലോക്ഡൗണിനെത്തുടർന്ന് ആയിരക്കണക്കിന് അതിഥിത്തൊഴിലാളികൾക്ക് തൊഴിൽനഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ നിയോഗിച്ച കമ്മിഷന്റെ കരട് റിപ്പോർട്ട് തൊഴിൽ മന്ത്രാലയത്തിന് കൈമാറി. കരാർ തൊഴിലാളികൾക്ക് ഇൻഷുറൻസ് അധിഷ്ഠിത പെൻഷൻ നടപ്പാക്കണമെന്നതടക്കമുള്ള ശുപാർശകളും കമ്മിഷൻ നൽകിയിട്ടുണ്ട്. പ്രീമിയത്തിൽ മൂന്നിലൊന്ന് തൊഴിലാളിയും ബാക്കി തൊഴിൽ ദാതാവും സർക്കാരും തുല്യമായി നൽകുന്നരീതിയിൽ പെൻഷൻ നടപ്പാക്കാനാകുമെന്ന് ആനന്ദബോസ് 'മാതൃഭൂമി'യോടു പറഞ്ഞു. ഇ.എസ്.െഎ.പോലുള്ള ആരോഗ്യ പരിപാലന പദ്ധതികൾ അസംഘടിത മേഖലയിലും നടപ്പാക്കണം. പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് സഹായംനൽകാനും താത്കാലിക താമസസൗകര്യമൊരുക്കാനും ഇന്ത്യാ ഹൗസുകൾ തുറക്കണം. എംബസികൾ ജനസൗഹൃദമാക്കണമെന്നാണ് മറ്റൊരു ശുപാർശ. അതിഥിത്തൊഴിലാളികൾക്ക് ഉപജീവനബത്ത തൊഴിൽ നഷ്ടമായ അതിഥി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും നിശ്ചിത തുക ഉപജീവന ബത്തയായി നൽകണം. ലോക്ഡൗണിൽ തൊഴിൽ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികൾക്ക് ആറുമാസത്തെ ഉപജീവന ബത്ത നൽകാൻ സർക്കാർ തയ്യാറാകണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നു. വേണം ഒറ്റ രജിസ്ട്രേഷൻ ദേശീയതലത്തിൽ അതിഥിത്തൊഴിലാളികൾ അടക്കമുള്ളവർക്ക് തൊഴിലാളികൾക്ക് ഒറ്റ രജിസ്ട്രേഷൻ നടപ്പാക്കണം. അതിഥിത്തൊഴിലാളികളെ തിരിച്ചറിയുന്നതിനും അയാളുടെ വൈദഗ്ധ്യം മനസ്സിലാക്കാനും ഇത് ഉപകരിക്കും. ലേബർ അതോറിറ്റിയും സാമൂഹ്യ സുരക്ഷാ ബോർഡും തൊഴിലാളികളുടെ വികസന ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി ദേശീയതലത്തിൽ അതോറിറ്റിക്ക് രൂപംനൽകണം. തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ മാതൃകയിൽ ദേശീയതലത്തിൽ സാമൂഹ്യ സുരക്ഷാ ബോർഡിന് രൂപം നൽകണമെന്നും കമ്മിഷൻ ശുപാർശനൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3j7NDQM
via IFTTT