Breaking

Sunday, January 31, 2021

ജയിലില്‍ പൂച്ചെടി സംഭാവന നല്‍കിയ സംഭവം; ’തുരപ്പ’ന്റെ സഹായികൾ പിടിയിൽ

പയ്യന്നൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി കവർച്ചക്കേസുകളിലെ പ്രതികൾ പയ്യന്നൂരിൽ അറസ്റ്റിലായി. മട്ടന്നൂർ മണ്ണൂരിലെ നഞ്ചടത്ത് ഹൗസിൽ കെ. വിജേഷ് (27), പാലാവയലിലെ ജസ്റ്റിൻ (23) എന്നിവരാണ് അറസ്റ്റിലായത്. അടുത്തിടെ പൊയിനാച്ചിയിലെ മലഞ്ചരക്കുകടയിൽ നടന്ന മോഷണക്കേസിലെ പ്രതിയാണ് വിജേഷ്. കുപ്രസിദ്ധ മോഷ്ടാവ് ‘തുരപ്പൻ’ സന്തോഷിന്റെ കൂട്ടാളികളാണിവർ. നഴ്സറിയിൽനിന്ന് പൂച്ചട്ടികൾ മോഷ്ടിച്ച് ജയിലിൽ സംഭാവന നൽകാനെത്തിച്ച സംഭവത്തിൽ സന്തോഷിന്റെ സഹായികളായിരുന്നു ഇവരെന്നും വ്യക്തമായി.വെള്ളിയാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടയിലാണ് പെരുമ്പ ദേശീയപാതയ്ക്ക് സമീപത്തുനിന്ന്‌ പയ്യന്നൂർ എസ്.ഐ. പി. ബാബുമോനും സംഘവും ചേർന്ന് വിജേഷിനെ പിടികൂടിയത്. കണ്ണൂരിൽനിന്ന്‌ ഇയാളെ എസ്.ഐ. ബാബുമോൻ മുമ്പ് പിടികൂടിയിരുന്നു. പട്രോളിങ്ങിനിടെ സംശയം തോന്നി വാഹനം നിർത്തിയതോടെ രക്ഷപ്പെടാനായി ഓടിയ ഇയാളെ പോലീസ് പിന്നാലെ ഓടിയാണ് പിടിച്ചത്.ജനുവരി 15-ന് രാത്രിയിലാണ് പൊയിനാച്ചിയിലെ വ്യാപാരസ്ഥാപനത്തിൽ മോഷണം നടന്നത്. ഷട്ടർ ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് മോഷണം നടത്തിയത്. 14 ചാക്കുകളിലായി സൂക്ഷിച്ച 2.65 ലക്ഷത്തോളം വിലയുള്ള കുരുമുളകാണ് ഇയാൾ അന്ന് കവർന്നത്. തളിപ്പറമ്പിലെ പെട്രോൾ പമ്പിലും വസ്ത്രവ്യാപാര സ്ഥാപനത്തിലും മോഷണവും ചൗക്കി, നായന്മാർമൂല എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണശ്രമവും നടത്തിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. കണ്ടോത്ത് കോത്തായിമുക്കിലെ ഏലിയാമ്മ ഡൊമിനിക്കിന്റെ വീട് കുത്തിത്തുറന്ന് നാല് സാരികൾ മോഷ്ടിച്ചു. ഒരാഴ്ചയായി പരിയാരത്തെ ആളൊഴിഞ്ഞ വീട്ടിലാണ് വിജേഷിന്റെ താമസം. ഇവിടെയും പോലീസ് പരിശോധന നടത്തി.വിജേഷിൽനിന്ന്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജസ്റ്റിനെ പിടികൂടിയത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ കഴിഞ്ഞ ദിവസം പെരുമ്പയിലെ ഫൈസൽ ട്രേഡിങ് കമ്പനിയുടെ ചുമർ തുരന്ന് 75,000 രൂപയുടെ സിഗരറ്റുകൾ മോഷ്ടിച്ചത് ഇയാളാണെന്ന് കണ്ടെത്തി. കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിലേക്ക്‌ തുരപ്പൻ സന്തോഷ് കൊണ്ടുപോയ പൂച്ചെടികൾ നഴ്‌സറിയിൽനിന്ന്‌ മോഷ്ടിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് ഇവരാണെന്നും സന്തോഷ് സംസ്ഥാനം വിട്ടതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. അഡീഷണൽ എസ്.ഐ. ഇ. മനോജ്കുമാർ, എ.എസ്.ഐ.മാരായ എ.ജി. അബ്ദുൾ റൗഫ്, ചന്ദ്രൻ കുന്നരു, സി.പി.ഒ. രതീഷ്, സൈബർ സെല്ലിലെ അനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2YuESGN
via IFTTT