തിരുവനന്തപുരം: യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് ഔദ്യോഗികമായി തുടങ്ങും. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായും ആർ.എസ്.പിയുമായാണ് ഇന്നത്തെ ഉഭയ കക്ഷി ചർച്ച. പതിനഞ്ചു സീറ്റ് വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫിന്റെ നിലപാട്. ആർ.എസ്.പി. കൂടുതൽ സീറ്റ് ആവശ്യപ്പെടും. എൽ.ജെ.ഡി മുന്നണി വിട്ടതു മൂലം ബാക്കിയായ സീറ്റുകൾ. കേരള കോൺഗ്രസ് പിളർന്നതിലൂടെ വീതം വയ്ക്കാനിടയുള്ള കുറച്ചു സീറ്റുകൾ. ഘടക കക്ഷികളിൽ പലരും നോട്ടമിടുന്നത് ഇവിടങ്ങളിലേക്കാണ്. പിളർന്നതോടെ പാർട്ടി മെലിഞ്ഞെങ്കിലും കേരള കോൺഗ്രസ് എമ്മിനുണ്ടായിരുന്ന 15 സീറ്റും വേണമെന്ന നിലപാടിലാണ് ജോസഫ്. സീറ്റുകൾ ഒഴിവു വന്നിട്ടും കൂടുതൽ ചോദിക്കുന്നില്ലല്ലോ എന്ന ന്യായമാണ് പി.ജെ. ജോസഫ് ഉയർത്തുക.എന്നാൽ എൻ.സി.പിയും പി.സി. ജോർജ്ജും മുന്നണിയിലേക്ക് വരാനിരിക്കുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ച വേണമെന്ന് കോൺഗ്രസ് അറിയിക്കും. അങ്ങിനെയെങ്കിൽ സീറ്റെണ്ണം പത്തിനപ്പുറം പോയേക്കില്ല. ഒരു സീറ്റെങ്കിലും അധികം വേണമെന്ന നിലപാടിലാണ് ആർ.എസ്.പി. നിലവിൽ അഞ്ചു സീറ്റാണ് ആർ. എസ്.പിക്ക്. പുതുതായി മുന്നണിയിലെത്തിയ ഫോർവേർഡ് ബ്ലോക്ക് കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സീറ്റുകളിൽ കോൺഗ്രസും കണ്ണുവച്ചിട്ടുണ്ട്. നിലവിൽ 24 സീറ്റുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് കൂടുതൽ ചോദിച്ച് രണ്ടു സീറ്റെങ്കിലും അധികം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3iRNTDj
via
IFTTT