Breaking

Thursday, January 28, 2021

ലീഗിനെതിരേ പ്രചാരണതന്ത്രവുമായി ഇടതുമുന്നണിയും

കോഴിക്കോട്: മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ നേതാവിനെ മറ്റ് കക്ഷിനേതാക്കൾ സന്ദർശിക്കുന്നതിൽ പുതുമയില്ല. എന്നാൽ, എ.ഐ.സി.സി. സെക്രട്ടറി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്‌ലിംലീഗ് അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് വിവാദമാക്കുമ്പോൾ ഇടതുമുന്നണി ലക്ഷ്യമിടുന്നത് തിരഞ്ഞെടുപ്പുതന്ത്രംതന്നെ. ഇരുവരും അവിടെ പോയതിൽ പ്രശ്നമില്ലെങ്കിലും ഈ സന്ദർശനത്തിന്റെ രാഷ്ട്രീയസന്ദേശം കൃത്യമാണെന്ന ഇടതുമുന്നണി കൺവീനർ എ. വിജയരാഘവന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്ന വിമർശനമാണ് യു.ഡി.എഫ്. ക്യാമ്പിലുള്ളത്.മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദർശനലക്ഷ്യമെന്നും വിജയരാഘവൻ ആക്ഷേപിക്കുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ വെൽഫയർ പാർട്ടിയുമായി മുസ്‌ലിംലീഗ്‌വഴി യു.ഡി.എഫ്. ഉണ്ടാക്കിയ കൂട്ടുകെട്ടിനെ ഒരിക്കൽക്കൂടി സജീവചർച്ചയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പരാമർശം. വെൽഫയർ പാർട്ടിയുമായുള്ള ബാന്ധവം പഞ്ചായത്ത് തിരഞ്ഞെടുപ്പുവേളയിലും അതിനുശേഷവും കോൺഗ്രസിലുണ്ടാക്കിയ ആശയക്കുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. വെൽഫയർ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന മുല്ലപ്പള്ളിയുടെ പരസ്യപ്രഖ്യാപനമാകട്ടെ യു.ഡി.എഫിലും ചില്ലറ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു -വിശേഷിച്ചും ഇതിനായി ചർച്ചകൾക്ക് മുൻകൈയെടുത്ത മുസ്‌ലിംലീഗ് നേതൃത്വത്തിന്. യു.ഡി.എഫിനെ നയിക്കുന്നത് മുസ്‌ലിം ലീഗാണെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. വെൽഫയർ പാർട്ടിയുമായി ബന്ധം ഉറപ്പിക്കാനിറങ്ങിയ മുസ്‌ലിംലീഗിന്റെ നയം കോൺഗ്രസിന് അനുകൂലിക്കേണ്ടിവന്നുവെന്നും ഇടതുമുന്നണി നിരന്തരം പറഞ്ഞിരുന്നു. ഈ പ്രചാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലക്ഷ്യംകണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.യെ ചെറുക്കാനുള്ള വഴി ഇതല്ലെന്നും ഇടതുമുന്നണി ഓർമിപ്പിക്കുന്നു. ഈ പ്രചാരണം ധാരാളം മതേതരവോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും ആകർഷിക്കാൻ കാരണമായെന്നും ഇടതുമുന്നണിയും സി.പി.എമ്മും വിലയിരുത്തിയിരുന്നു.നിയമസഭാതിരഞ്ഞെടുപ്പിലും മുസ്‌ലിംലീഗിനെ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണംതന്നെയാവും ഇടതുമുന്നണി ഏറ്റെടുക്കുന്നതെന്ന് കൺവീനറുടെ വിമർശനത്തിലൂടെ വ്യക്തമാവുകയാണ്. എന്നാൽ, വോട്ടർമാർക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ മറുപടി. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ പ്രമുഖ സമുദായനേതാക്കളെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സന്ദർശിച്ചിട്ടുണ്ട്. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായർ, എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പരുന്തോട്ടം എന്നിവരുമായെല്ലാം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ലീഗ് സംസ്ഥാന അധ്യക്ഷൻകൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതുമാത്രമാണ് ഇടതുമുന്നണി കൺവീനർ പത്രസമ്മേളനത്തിൽ എടുത്തുപറഞ്ഞതും ആസന്ദർശനത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് ആരോപണമുന്നയിച്ചതും. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെയും ബുധനാഴ്ച ഇരുവരും സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഈയിടെ നിരവധി സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇതൊന്നും പരാമർശിക്കാതെ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടേക്ക് പോയതിനെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ppjI8N
via IFTTT