Breaking

Sunday, January 31, 2021

ഉമ്മൻചാണ്ടി-നേമം, രമേശ്-വട്ടിയൂർക്കാവ് ചർച്ച സജീവം; നിഷേധിച്ച് നേതാക്കൾ

തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ നേമത്തും രമേശ് ചെന്നിത്തലയെ വട്ടിയൂർക്കാവിലും മത്സരിപ്പിക്കുന്നകാര്യം കോൺഗ്രസ് പരിഗണിക്കുന്നു. മണ്ഡലം മാറുന്നകാര്യം ഇരുനേതാക്കളും നിഷേധിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതൃത്വത്തിൽ ഇതുസംബന്ധിച്ച ചർച്ച സജീവമായി നടന്നുവരികയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച മണ്ഡലമാണ് നേമം (13,860 വോട്ട്). ബി.ജെ.പി.ക്ക് സംസ്ഥാന നിയമസഭയിലേക്ക് വാതിൽ തുറന്നുനൽകിയ മണ്ഡലം. ഏറ്റവും മോശമായ മണ്ഡലം തിരഞ്ഞെടുക്കുകവഴി വലിയ വെല്ലുവിളി തിരഞ്ഞെടുപ്പിന് ചുക്കാൻപിടിക്കുന്ന ഉമ്മൻചാണ്ടിതന്നെ ഏറ്റെടുക്കുകയെന്നതാണ് കോൺഗ്രസ് പരിഗണിക്കുന്ന കാര്യം. തൊട്ടടുത്ത വട്ടിയൂർക്കാവിലും ബി.ജെ.പി.ക്ക് നിർണായക സ്വാധീനമുണ്ട്. ഉപതിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പക്കൽനിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്ത മണ്ഡലമാണിത്. ഇവിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മത്സരിക്കണമെന്ന നിർദേശമാണ് പരിഗണിക്കുന്നത്. ബി.ജെ.പി.യെ അതിന്റെ ശക്തികേന്ദ്രങ്ങളിൽതന്നെ നേരിടുകവഴി വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം നൽകാനാകും. തിരഞ്ഞെടുപ്പ് സമയത്ത് ഉയരുന്ന യു.ഡി.എഫ്.-ബി.ജെ.പി. ഒത്തുകളിയെന്ന ഇടതുപക്ഷ ആരോപണത്തിന് ഇതിനെക്കാൾ നല്ലൊരു മറുപടിയില്ലെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബി.ജെ.പി.യുമായി നേരിട്ട് മുതിർന്ന നേതാക്കൾതന്നെ ഏറ്റുമുട്ടുന്നത് ന്യൂനപക്ഷവോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കുന്നതിന് കാരണമാകുമെന്നും വിലയിരുത്തുന്നു. സഭാ പ്രശ്നത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് ഉമ്മൻചാണ്ടിയോടുള്ള എതിർപ്പ് ഇപ്പോഴില്ല. ക്രിസ്ത്യൻ-മുസ്ലിം അകൽച്ചയുണ്ടെന്ന പ്രചാരണത്തെ ചെറുക്കാൻ ഓർത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തമാർ പാണക്കെട്ടെത്തി ചർച്ചനടത്തുകയും ചെയ്തിരുന്നു. ചാണ്ടി ഉമ്മൻ മത്സരിക്കില്ല പുതുപ്പള്ളിയിൽനിന്ന് ഉമ്മൻചാണ്ടി മാറുന്നപക്ഷം മകൻ ചാണ്ടി ഉമ്മൻ അവിടെ മത്സരിക്കുമെന്ന പ്രചാരണമുണ്ട്. എന്നാൽ, താൻ മത്സരരംഗത്തുണ്ടാകുന്നതുവരെ മകൻ മത്സരിക്കേണ്ടെന്ന നിലപാടിലാണ് ഉമ്മൻചാണ്ടിയെന്ന് അദ്ദേഹത്തോടടുത്തവർ വ്യക്തമാക്കുന്നു. മണ്ഡലമാറ്റത്തെ ഒരുവിഭാഗം നേതാക്കൾ എതിർക്കുന്നെന്ന പ്രചാരണമുണ്ടായി. ഇതേത്തുടർന്ന് ഉമ്മൻചാണ്ടി താൻ മണ്ഡലംമാറുന്നെന്ന പ്രചാരണത്തെ എതിർത്ത് രംഗത്തുവന്നു. ഉമ്മൻചാണ്ടി ഏത് മണ്ഡലത്തിൽ നിന്നാലും ജയിക്കുമെന്നു പറഞ്ഞ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ദേഹം പുതുപ്പള്ളി വിടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു കോൺഗ്രസിൽ സ്ഥാനാർഥിനിർണയം തുടങ്ങുന്നതിനുമുമ്പേ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചാരണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. കോൺഗ്രസ് ഹൈക്കമാൻഡും കെ.പി.സി.സി. നേതൃത്വവുമാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു. ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ല-ഉമ്മൻചാണ്ടി


from mathrubhumi.latestnews.rssfeed https://ift.tt/39yA0qp
via IFTTT