Breaking

Saturday, January 16, 2021

അളകാനല്ലൂരില്‍ ജല്ലിക്കെട്ടാവേശം; സമ്മാനങ്ങള്‍ വാരി വിതറി മുഖ്യമന്ത്രിയും ഉപമുഖ്യന്ത്രിയും

അളകാനല്ലൂർ/മധുര: വാടിവാസലിൽനിന്ന് മൂക്കുകയർ മുറിച്ച് കുതിച്ച് ചാടുന്ന കാള, കാളയെ മെരുക്കാനുള്ള മെയ്വഴക്കവും മനക്കരുത്തുമായി ജല്ലിക്കെട്ട് വീരൻമാർ. മധുരയിലെ അളകാനല്ലൂർ എന്ന കാർഷിക ഗ്രാമത്തിൽ ആവേശം കളം നിറയുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം എന്ന് സംഘാടകർ മൈക്കിലൂടെ ആവർത്തിച്ച് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും ജല്ലിക്കെട്ട് കളത്തിന് ഇരുവശത്തും ആയിരങ്ങൾ തിങ്ങിനിറഞ്ഞിട്ടുണ്ട്. ആദ്യ റൗണ്ടിൽ മാത്രം കാളയെ മെരുക്കി വിജയിയാകാനെത്തിയ, മൂന്ന് ജല്ലിക്കെട്ട് വീരൻമാർക്ക് പരിക്കേറ്റു. ഒരാളെ കാള കുത്തിപ്പരിക്കേൽപ്പിച്ചതാണ്. ഏറ്റവും മികച്ച കാളയുടെ ഉടമയ്ക്ക് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി ഒരു കാറ് സമ്മാനമായി നൽകും. കൂടുതൽ കാളകളെ കീഴടക്കുന്ന ജല്ലിക്കെട്ട് വീരന് ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം കാറ് തന്നെയാണ് സമ്മാനിക്കുക. ഓരോ റൗണ്ടിലും വിജയികളാകുന്നവർക്ക് മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലുള്ളവർ സ്വർണനാണയം സമ്മാനമായി നൽകുന്നുണ്ട്. ബൈക്ക്, ഫ്രിഡ്ജ്, ഫോൺ, പണം, സൈക്കിൾ തുടങ്ങി നിരവധി സമ്മാനങ്ങൾ വേറെയും സ്പോൺസർ ചെയ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവർ ചേർന്നാണ് അളകാനല്ലൂർ ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ഏറെ നേരം ജല്ലിക്കെട്ട് ആസ്വദിക്കാനിരുന്ന ശേഷമാണ് ഇരുവരും മടങ്ങിയത്. കാർഷിക ഉത്സവമായ ജല്ലിക്കെട്ടിനെ കർഷകരുടെ ഹൃദയം കീഴടക്കാനുള്ള ഇടമായിക്കണ്ടാണ് അണ്ണാ ഡി.എം.കെയുടെ ഇടപെടൽ. ജല്ലിക്കെട്ട് നിരോധനത്തിനെതിരെ പൊരുതിയത് പനീർസെൽവവും പളനി സ്വാമിയുമാണ് എന്ന് ഇരുവരേയും സാക്ഷിയാക്കി സംഘാടകർ അനൗൺസ് ചെയ്യുന്നുണ്ടായിരുന്നു. പകർച്ചവ്യാധിയിൽനിന്ന് രക്ഷിക്കാൻ മുനിയാണ്ടി സ്വാമിക്ക് ഗ്രാമീണർ നേർന്നതാണ് വർഷാവർഷം നടക്കുന്ന ജല്ലിക്കെട്ടെന്ന് അളകാനല്ലൂരുകാരുടെ ഒരു വിശ്വാസം. ഈ മിത്തിനെ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ ചടങ്ങുകളും നടത്തിയാണ് അളകാനല്ലൂരിൽ ജല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. Content Highlights: Tamil Nadu CM flags off Alanganallur Jallikattu


from mathrubhumi.latestnews.rssfeed https://ift.tt/2LDG2gf
via IFTTT