Breaking

Thursday, January 21, 2021

ടെസ്റ്റ് നായകനായി അജിങ്ക്യ രഹാനെയെ നിലനിര്‍ത്തണമെന്ന് ആവശ്യം; കോലിക്ക് സമ്മര്‍ദമേറും

മുംബൈ: പ്രതിസന്ധികളിൽ പതറാതെ മുന്നിൽനിന്ന് നയിക്കുമ്പോഴാണ് യഥാർഥ നായകർ പിറക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര വിജയത്തിൽ ഇന്ത്യൻ നിരയിൽ ഏറ്റവും തലയെടുപ്പോടെ നിൽക്കുന്നത് നായകൻ അജിങ്ക്യ രഹാനെ തന്നെ. വിരാട് കോലി ടീമിനെ നയിച്ച ആദ്യടെസ്റ്റിൽ 36 റൺസിന് ഓൾഔട്ടായ ടീമിനെയാണ് അടുത്തകളിയിൽ സെഞ്ചുറിനേടി രഹാനെ വിജയത്തിലെത്തിച്ചത്. നാലാം ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാംനിര ടീമുമായി ഓസ്ട്രേലിയൻ പ്രതാപത്തെ മലർത്തിയടിച്ചപ്പോഴും രഹാനെയുടെ നായകത്വം പ്രധാനമായി. രണ്ടാം ഇന്നിങ്സിൽ 22 പന്തിൽ 24 റൺസെടുത്ത രഹാനെയുടെ ഇന്നിങ്സും ഇന്ത്യൻ വിജയത്തിൽ പ്രധാനമായിരുന്നു. ഒരു സിക്സും ഒരു ഫോറുമടങ്ങിയ ആ ഇന്നിങ്സ് സമനിലയ്ക്കുവേണ്ടിയല്ല, ജയിക്കാൻവേണ്ടിത്തന്നെയാണ് കളിക്കുന്നത് എന്ന പ്രഖ്യാപനമായിരുന്നു. രഹാനെയുടെ പിഴവില്ലാത്ത തീരുമാനങ്ങളും പോസിറ്റീവ് സമീപനവും പരമ്പരയിലുടനീളം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ, ഇന്ത്യയുടെ ഔദ്യോഗിക നായകൻ വിരാട് കോലിക്കുമേൽ സമ്മർദമേറുകയാണ്. രാജ്യത്തിന്റെ അഭിമാനകരമായ ഒരു ടെസ്റ്റ് പരമ്പരയ്ക്കിടെ, ഭാര്യയുടെ പ്രസവത്തിന്റെ ഭാഗമായി അവധിയിൽപ്പോകാനുള്ള കോലിയുടെ തീരുമാനം നേരത്തേതന്നെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ, വ്യക്തിപരമായി പ്രധാനപ്പെട്ട കാര്യമാണ് എന്നതിനാൽ ടീം മാനേജ്മെന്റ് അതിന് എതിരുനിന്നില്ല. ഇംഗ്ലണ്ടിനെതിരേ, നാലു ടെസ്റ്റുകളുടെ പരമ്പര ഫെബ്രുവരി അഞ്ചിന് തുടങ്ങും. ചൊവ്വാഴ്ച പ്രഖ്യാപിച്ച ടീമിൽ കോലി ക്യാപ്റ്റനും രഹാനെ വൈസ് ക്യാപ്റ്റനുമാണ്. എന്നാൽ, ഓസ്ട്രേലിയയിൽ ചരിത്രവിജയം നേടിയ രഹാനെയെ നായകസ്ഥാനത്തുനിന്ന് മാറ്റരുതെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ അടക്കം പ്രമുഖർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ കോച്ച് രവിശാസ്ത്രിയും രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തിയിരുന്നു. നായകസ്ഥാനം ഇല്ലെങ്കിൽ കോലിയുടെ ബാറ്റിങ് ഇനിയും ഏറെ മെച്ചപ്പെടുമെന്നും വാദമുണ്ട്. രഹാനെ നയിച്ച അഞ്ചു ടെസ്റ്റിലും ഇന്ത്യ തോറ്റിട്ടില്ലെന്ന കണക്കും തിളങ്ങിനിൽക്കുന്നു. ഏകദിന ടീമിൽനിന്ന് ഏറക്കുറെ ഒഴിവാക്കപ്പെട്ട രഹാനെ, ഈ ടെസ്റ്റ് പരമ്പരയിൽ പരാജയമായിരുന്നെങ്കിൽ ടീമിലേക്ക് തിരിച്ചുവരാൻ പ്രയാസപ്പെടുമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിലാണ് കളിച്ചും നയിച്ചും ടീമിൽ സ്ഥാനം ഉറപ്പിച്ചത്. Content Highlights: Ajinkya Rahane captaincy masterclass may put heat on Virat Kohli


from mathrubhumi.latestnews.rssfeed https://ift.tt/3iv67ds
via IFTTT