Breaking

Sunday, January 17, 2021

15 രൂപയ്ക്ക് അരി: സർക്കാരിനു ബാധ്യത 600 കോടി

ആലപ്പുഴ: ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽവരാത്ത നീല, വെള്ള കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ അധികറേഷൻ നൽകുന്നതുവഴി സംസ്ഥാനസർക്കാരിനു വർഷം ചെലവാകുക 600 കോടി രൂപ. 22.50 രൂപയ്ക്ക് എഫ്.സി.ഐ.യിൽനിന്ന് ഏറ്റെടുക്കുന്ന അരിയാണ് 15 രൂപ നിരക്കിൽ 10 കിലോ വീതം 50 ലക്ഷം കാർഡുടമകൾക്ക് നൽകുക. ഗതാഗതച്ചെലവ്, കൈകാര്യച്ചെലവ്, റേഷൻ വ്യാപാരികളുടെ കമ്മിഷൻ എന്നിവകൂടി കണക്കാക്കിയാൽ ഒരുകിലോയിൽ ശരാശരി 10 രൂപ സംസ്ഥാനം കണ്ടെത്തണം. ഒരുമാസത്തെ ബാധ്യത 50 കോടി വരും. നീല, വെള്ള കാർഡുകാർ മുഴുവൻപേരും 15 രൂപയുടെ അരി വാങ്ങിയില്ലെങ്കിൽ മാത്രമേ ബാധ്യതയിൽ കുറവുവരൂ. കോവിഡുകാലത്ത് ഏതാനുംമാസം 15 രൂപ നിരക്കിൽ അരി വിതരണം ചെയ്തിരുന്നു. ചില റേഷൻ കടകളിൽ സ്‌റ്റോക്ക് മിച്ചമിരിപ്പുണ്ടെങ്കിലും പലയിടത്തും അരിക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഇതുകൂടി പരിഗണിച്ചാണു ബജറ്റ്‌ പ്രഖ്യാപനം. സാധാരണ റേഷൻ വിഹിതത്തിനുപുറമെയാണിത്. പദ്ധതിയിൽ പുഞ്ചയരി ഉണ്ടാകില്ല. പുഴുക്കലരിയോ പച്ചരിയോയായിരിക്കും ലഭിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/3sA3j3l
via IFTTT