Breaking

Tuesday, December 1, 2020

ഈ സ്ഥാനാര്‍ഥി തെങ്ങുകയറും ഓട്ടോ ഓടിക്കും വീടുകളില്‍ പ്രസവശുശ്രൂഷയ്ക്കും പോകും

ഉദുമ: ഈ സ്ഥാനാർഥി തെങ്ങിൽ കയറും, ഓട്ടോറിക്ഷ ഓടിക്കും, വീടുകളിൽ പ്രസവശുശ്രഷയ്ക്കും പോകും. പോരാട്ടം ജീവിതവും കീഴടങ്ങൽ മരണവുമാണെന്നുറപ്പിച്ച ബിന്ദു കൃഷ്ണൻ തദ്ദേശ തിഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയിരിക്കുയാണ്; ഉദുമ പതിനൊന്നാം വാർഡ് മുതിയക്കാലിൽ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയായി. കഴിഞ്ഞ കുറെ നാളുകളായി തമിഴ്നാട്ടിൽനിന്നുള്ള തെങ്ങുകയറ്റ തൊഴിലാളി സംഘത്തിനൊപ്പം ബിന്ദുവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തേങ്ങപറിക്കാൻ പോകുന്നുണ്ട്. ഇളയ മകന് മൂന്നുമാസം പ്രായമുള്ളപ്പോൾ ഭർതൃവീട്ടിൽനിന്ന് ഉദുമ നാലാംവാതുക്കൽ കോളനിയിലെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ബിന്ദു. പിന്നെ ഒരു പോരാട്ടമായിരുന്നു. ആദ്യം തെങ്ങുകയറ്റം. 2012-ൽ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് യന്ത്രം ഉപയോഗിച്ചു തെങ്ങുകയറ്റത്തിൽ പരിശീലനം നേടി. തിരിച്ചുവന്നപ്പോൾ യന്ത്രം വാങ്ങാൻ പണമില്ല! യന്ത്രം വാടകയ്ക്കെടുത്ത് ജോലി തുടർന്നു. തേങ്ങയിടാൻ പലരും വിളിക്കാൻ തുടങ്ങിയതോടെ വായ്പയെടുത്ത് ഇരുചക്ര വാഹനവും സബ്സിഡിയോടെ തെങ്ങുകയറ്റ യന്ത്രവും വാങ്ങി. ഇരുചക്രവാഹനം പഠിക്കാൻ പൊയിനാച്ചിയിലെ ഡ്രൈവിങ് സ്കുളിൽ ചേർന്ന ആദ്യ ദിവസംതന്നെ തഴക്കംവന്ന ഡ്രൈവർമാരെപ്പോലെ വാഹനം ഓടിക്കാൻ തുടങ്ങി. ഇതു കണ്ടതോടെ സ്ഥാപനയുടമ യുവതിയെ അവിടെ പരിശീലകയാക്കി. ഉച്ചവരെ തേങ്ങപറിക്കലും ഉച്ചകഴിഞ്ഞ് സ്ത്രീകൾക്ക് വാഹനപരിശീലനവും. മൂന്നുവർഷം അവിടെ തുടർന്നു. അതിനിടയിൽ ഓട്ടോറിക്ഷയും കാറും ഓടിക്കാൻ ലൈസൻസ് നേടി. ഒരുവർഷംമുമ്പ് സ്വയംതൊഴിൽ വായ്പയെടുത്ത് റിക്ഷവാങ്ങി ഉദുമ മൈലാട്ടി സ്റ്റാൻഡിലെ റിക്ഷക്കാരിയായി. ബാര മൈലാട്ടി കാനത്തിൻ തിട്ടയിലെ നന്ദനം നിലയം കെട്ടി ഉയർത്താനും റിക്ഷയ്ക്കുമൊക്കെയായി എടുത്ത ബാങ്ക് വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കെ, മഹാമാരി എല്ലാം തകിടംമറിച്ചു. തോൽക്കാൻ മനസ്സില്ലാത്ത ബിന്ദു പ്രസവശുശ്രുഷയ്ക്ക് വീടുകളിൽ പോയി ആ പ്രതിസന്ധിയും മറികടന്നു. നാലാംവാതുക്കൽ കോളനിയിലെ എൻ. കൃഷ്ണന്റെ മകളാണ് ബിന്ദു. മക്കൾ: രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ പ്രവീണ, സ്കൂൾ വിദ്യാർഥിയായ ഷിബിൻജിത്. സി.പി.എമ്മിലെ പുഷ്പാവതിയാണ് ഇവിടെ എൽ.ഡി.എഫ്. സ്ഥാനാർഥി. ബി.ജെ.പി.യിലെ എം. വിനുതയും സ്വതന്ത്രയായ എം. ഉഷയും മത്സരിക്കുന്നു. Content Highlights:Candidate Climbing Coconut Tree; Kasaragod Local Body Election 2020


from mathrubhumi.latestnews.rssfeed https://ift.tt/33xFRsO
via IFTTT