കോയമ്പത്തൂർ: പോലീസ് പിടിയിൽനിന്ന് രക്ഷനേടാൻ ആൾമാറാട്ട കൊലപാതകം നടത്തിയ കേസിൽ അഭിഭാഷക ദമ്പതിമാരടക്കം മൂന്നുപേർക്ക് ഇരട്ട ജീവപര്യന്തം. കോയമ്പത്തൂർ അവിനാശിറോഡിലെ അപ്പാർട്ട്മെന്റ് താമസക്കാരും അഭിഭാഷക ദമ്പതിമാരുമായ ഇ.ടി. രാജവേൽ (52), ഭാര്യ മോഹന (45), ഡ്രൈവർ പി. പളനിസ്വാമി (48) എന്നിവർക്കാണ് കോയമ്പത്തൂർ അഡീഷണൽ ജില്ലാകോടതി-5 ജഡ്ജി ടി.എച്ച്. മുഹമ്മദ് ഫാറൂഖ് ശിക്ഷവിധിച്ചത്. കോയമ്പത്തൂർ ശിവാനന്ദകോളനി അമ്മാസൈ (45) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 2011 ഡിസംബർ 12-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡിഷയിൽ ധനകാര്യ സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് രാജവേലും മോഹനയും കോയമ്പത്തൂരിലേക്കെത്തിയത്. പിന്നീട് കോയമ്പത്തൂർ കോടതിക്ക് സമീപത്തെ ഗോപാലപുരം ഭാഗത്ത് രാജവേൽ ക്രിമിനൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. കുടുംബപ്രശ്നങ്ങളുമായി ഉപദേശം തേടാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട അമ്മാസൈ. ഡിസംബർ 11-ന് വക്കീലിനെ കണ്ടശേഷം തൊട്ടടുത്ത ദിവസം തന്നെ വീണ്ടും വന്നുകാണാൻ രാജവേൽ ആവശ്യപ്പെട്ടു. പിന്നീട് അമ്മാസൈയെ കണ്ടെത്താനായില്ല. അമ്മാസൈയെ കൊലപ്പെടുത്തിയ പ്രതികൾ മരിച്ചത് മോഹനയാണെന്ന് വരുത്തിതീർത്തു. ഡിസംബർ 12-ന് മോഹന അസുഖം മൂർച്ഛിച്ച് മരണപ്പെട്ടെന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിച്ച് മോഹനയുടെപേരിൽ മരണസർട്ടിഫിക്കറ്റ് വാങ്ങി. മോഹനയുടെ പേരിലുണ്ടായിരുന്ന എട്ടരലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയും ചെയ്തു. രണ്ടുവർഷങ്ങൾക്കുശേഷം 2013 ഡിസംബറിൽ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് മോഹനയുമായി രാജവേൽ രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. സംശയം തോന്നിയ രജിസ്ട്രാർ മോഹന മരണപ്പെട്ട കാര്യവും മറ്റും പോലീസിനെ അറിയിച്ചു. ഡ്രൈവർ പളനിസ്വാമിയെ പിടികൂടി ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇതിനിടെ ഇരുവരും കോവളത്തേക്ക് കടന്നു. കേരളപോലീസിന്റെ സഹായത്തോടെ കോയമ്പത്തൂർ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുകുമാരക്കുറുപ്പ് കേസിനെ വെല്ലുന്ന കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിലെ മാപ്പുസാക്ഷിയായ രാജവേലിന്റെ സഹായി പി. പൊൻരാജു വിസ്താരത്തിനിടെ കൂറുമാറി. ഇയാളുടെ പേരിലുള്ള കേസ് പ്രത്യേകം നടന്നുവരികയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. ശങ്കരനാരായണനെ കോടതി പ്രത്യേകം പരാമർശിച്ചു. നേരിട്ടുള്ള തെളിവുകളില്ലാത്ത കേസിൽ പ്രോസിക്യൂഷൻ വാദമാണ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത്. അമ്മാസൈയുടെ ഭർത്താവ് മാരിമുത്തു, മക്കളായ രാജേന്ദ്രൻ, ശകുന്തളദേവി എന്നിവർ വിധികേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. Content Highlights: coimbatore ammasai murder case verdict
from mathrubhumi.latestnews.rssfeed https://ift.tt/39v6GSg
via
IFTTT