Breaking

Tuesday, November 10, 2020

ബിഹാറില്‍ ഫലം കാത്ത് രാജ്യം; വോട്ടെണ്ണല്‍ എട്ടുമണിയോടെ

പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കി രാജ്യം. വോട്ടെണ്ണൽ എട്ടുമണിയോടെ ആരംഭിക്കും. ആദ്യ ഫലസൂചനകൾ എട്ടരയോടെ ലഭ്യമാകും. 243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കി. 1967-ൽ 29-ാം വയസ്സിൽ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31-ാം വയസ്സിൽ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു. 55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണലിന് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്. ഫലമറിഞ്ഞശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൈകാര്യംചെയ്യാൻ മുൻ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായ്, ജാർഖണ്ഡ് മന്ത്രി ബന്ന ഗുപ്ത, രാജസ്ഥാൻ മന്ത്രിമാരായ രാജേന്ദ്ര യാദവ്, രഘുശർമ എന്നിവരെ കോൺഗ്രസ് നേതൃത്വം പട്നയിലേക്ക് നിയോഗിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3kbB1qJ
via IFTTT