Breaking

Friday, November 6, 2020

സി.പി.എമ്മിലും സർക്കാരിലും തിരക്കിട്ട ചർച്ചകൾ

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പാർട്ടിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുമ്പോൾ നേതൃതലത്തിൽ തിരക്കിട്ട ചർച്ചകൾ. കോടിയേരിയും പിണറായിയും ഉൾപ്പെടെയുള്ള പ്രധാനനേതാക്കളെല്ലാം എ.കെ.ജി.സെന്ററിൽ ഒത്തുചേർന്ന് പ്രതിരോധത്തിന്റെ വഴിതേടി. മന്ത്രിമാരുടെ യോഗംവിളിച്ച് ഇ.ഡി.യുടെ അതിരുവിട്ട രീതിയെ നേരിടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബിനീഷിന്റെ വീട്ടിലെ ഇ.ഡി. പരിശോധന മനുഷ്യാവകാശംപോലും ലംഘിക്കുന്ന വിധത്തിലാണെന്നാണ് സി.പി.എം. വിലയിരുത്തിയത്. അന്വേഷണം രാഷ്ട്രീയലക്ഷ്യത്തോടെ അതിരുവിടുമ്പോൾ അതിനെ നേരിടേണ്ടതുണ്ടെന്നാണ് നേതാക്കളുടെ വികാരം. ബിനീഷിന്റെ കുടുംബാംഗങ്ങളുടെ പരാതിയിൽ പോലീസും ബാലാവകാശ കമ്മിഷനും ഉടനടി ഇടപെട്ടത് ഇതുകൊണ്ടുകൂടിയാണ്. അവകാശലംഘനവുമായി ജെയിംസ് മാത്യു ഇ.ഡി.ക്കെതിരേ രംഗത്തുവന്നതിന്റെ കാരണവും അതാണ്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്യുന്നുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളിലേക്കുള്ള അന്വേഷണം അവർ തുടങ്ങിവെച്ചിട്ടുമുണ്ട്. ഇതെല്ലാം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നാണ് സർക്കാരും സി.പി.എമ്മും വിലയിരുത്തുന്നത്. എതിർപ്പുകളെ നേരിട്ട് പദ്ധതി നിർവഹണം പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചത്. മാറിനിൽക്കുമോ കോടിയേരി സി.പി.എം. സംസ്ഥാന നേതൃയോഗങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുകയാണ്. മകനെതിരേയുള്ള കേസുകളിൽ രക്ഷകനായോ സഹായിയായോ താനുണ്ടാവില്ലെന്ന് കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽത്തന്നെ കോടിയേരി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് പാർട്ടിയുടെ നിലപാടായി അംഗീകരിച്ചത്. കേസും അന്വേഷണവും അന്നത്തെക്കാൾ ഇന്ന് രൂക്ഷമായി. കോടിയേരിക്ക് ആരോഗ്യപ്രശ്നങ്ങളും കൂടി. ശ്രദ്ധവേണമെന്ന് ഡോക്ടറും നിർദേശിച്ചിട്ടുണ്ട്. അതിനാൽ, സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം തത്‌കാലം അവധി എടുത്തേക്കുമെന്ന് സൂചനകളുണ്ട്. നേരത്തേ അസുഖം വന്നപ്പോൾത്തന്നെ മാറിനിൽക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത് തള്ളി, പാർട്ടി സെന്റർ എന്ന നിലയിൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂട്ടായി സെക്രട്ടറിയുടെ ചുമതല നിർവഹിക്കാമെന്നാണ് തീരുമാനിച്ചത്. രാഷ്ട്രീയമായി പ്രതിരോധത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതി കോടിയേരിക്ക് ഇപ്പോഴില്ല. പാർട്ടിവേദികളിൽ അദ്ദേഹത്തിന്റെ അഭാവമുണ്ടായാൽ അത് ജനങ്ങളെ നേരിടുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടാണെന്ന് യു.ഡി.എഫും ബി.ജെ.പി.യും പ്രചരിപ്പിക്കാനും സാധ്യതയുണ്ട്. ഒന്നുകിൽ രോഗം മറന്നും പാർട്ടിയെ നയിക്കാൻ കോടിയേരി തയ്യാറാവണം. അല്ലെങ്കിൽ തത്‌കാലം അവധിയെടുക്കണം. രണ്ടായാലും കോടിയേരിയെ പൂർണമായി കൂടെനിർത്തിയുള്ള നിലപാടാണ് സി.പി.എം. സ്വീകരിക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/353ZwBU
via IFTTT