ലണ്ടൻ: പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും തകർപ്പൻ ജയം. മാഞ്ചെസ്റ്റർ യുണൈറ്റഡ് എവർട്ടണെ തോൽപ്പിച്ചപ്പോൾ ഷെഫീൽഡിനെയാണ് ചെൽസി തകർത്തത്. എവർട്ടന്റെ മൈതാനത്ത് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. സൂപ്പർ സ്റ്റാർ ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ എഡിൻസൻ കവാനിയുടെ ബൂട്ടിൽ നിന്നായിരുന്നു ഒരു ഗോൾ. മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ കേൾക്കുന്നതിനിടെയാണ് സോൾഷ്യറുടെ ടീമിന്റെ തകർപ്പൻ ജയം. 19-ാം മിനിറ്റിൽ ബെർണാഡിലൂടെ എവർട്ടനാണ് ആദ്യം മുന്നിലെത്തിയത്. 25-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിനായി ആദ്യ ഗോൾ മടക്കി. ലൂക്ക് ഷോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ബ്രൂണോ പന്ത് എവർട്ടന്റെ വലയിലെത്തിച്ചു. പിന്നാലെ 32-ാം മിനിറ്റിൽ ബ്രൂണോ യുണൈറ്റഡിന് ലീഡ് നൽകി. പിന്നീട് ഇൻജുറി ടൈമിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് യുണൈറ്റഡ് മൂന്നാം ഗോൾ സ്വന്തമാക്കിയത്. കവാനിയാണ് പന്ത് വലയിലെത്തിച്ചത്. യുണൈറ്റഡിനായി താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഏഴു മത്സരങ്ങളിൽ നിന്ന് 10 പോയന്റുമായി 14-ാം സ്ഥാനത്താണ് യുണൈറ്റഡ്. എവർട്ടൺ ആറാമതും. ചെൽസിടീം സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് ചെൽസി തകർത്തത്. ഒമ്പതാം മിനിറ്റിൽ തന്നെ മക്ഗോൾഡ്രിക്കിലൂടെ ചെൽസിയെ ഞെട്ടിച്ച് ഷെഫീൽഡാണ് ആദ്യം മുന്നിലെത്തിയത്. പിന്നീട് കളി ചെൽസി സ്വന്തമാക്കി. 23-ാം മിനിറ്റിൽ ടാമി എബ്രഹാമിലൂടെ ചെൽസി സമനില പിടിച്ചു. 34-ാം മിനിറ്റിൽ ബെൻ ചിൽവെൽ നീലപ്പടയ്ക്ക് ലീഡ് നൽകി. പിന്നീട് 77-ാം മിനിറ്റിൽ തിയാഗോ സിൽവയും 80-ാം മിനിറ്റിൽ തിമോ വെർണറും സ്കോർ ചെയ്തതോടെ ലീഗിൽ ചെൽസി തുടർച്ചയായ നാലാം ജയം കുറിച്ചു. ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചെൽസി. Content Highlights: Premier League Chelsea smashed Sheffield United Manchester United beat Everton
from mathrubhumi.latestnews.rssfeed https://ift.tt/2JOjSH1
via
IFTTT