വാഷിങ്ടൺ: വ്യക്തമായ റിപ്പബ്ലിക്കൻ ചായ് വ് പ്രകടിപ്പിച്ചിരുന്ന ജോർജിയ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റായ ജോ ബൈഡനൊപ്പം നിന്നതിന് പിന്നിൽ സ്റ്റേസി അബ്രാംസാണ്. അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയായ സ്റ്റേസി അബ്രാംസിന്റെ കൃത്യതയും ബുദ്ധിപരവുമായ ഇടപെടൽ ജോർജിയയിലെ ബൈഡന്റെ വിജയം അനായാസമാക്കി. അമേരിക്കൻ ചരിത്രത്തിൽ ഗവർണർ സ്ഥാനാർഥിയായി മത്സരിച്ച ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിത കൂടിയാണ് സ്റ്റേസി അബ്രാംസ്. ടാക്സ് അറ്റോർണി, നോവലിസ്റ്റ്, അഭിഭാഷക, ഡോക്യുമെന്ററി നിർമാതാവ്, റിസർച്ച് അസിസ്റ്റന്റ് തുടങ്ങിയ വിവിധ പ്രവർത്തനമുഖങ്ങൾ സ്റ്റേസി അബ്രാംസിനുണ്ട്. കൂടാതെ സ്വന്തമായി ഒരു ബിസിനസ് സംരഭവും ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ധനസഹായം നൽകുന്ന ഒരു കമ്പനിയും സ്റ്റേസി അബ്രാംസ് ആരംഭിച്ചിരുന്നു. 1992 ലെ തിരഞ്ഞെടുപ്പിൽ ബിൽ ക്ലിന്റന്റെ വിജയത്തിന് ശേഷം ജോർജിയ ഡെമോക്രാറ്റുകൾക്ക് ബാലികേറാമലയായിരുന്നു. 2018 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ഗവർണർ സ്ഥാനാർഥിയായി സ്റ്റേസ് അബ്രാംസ് മത്സരിച്ചപ്പോഴും ജോർജിയ കൈവിട്ടു. വെറും 55,000 വോട്ടുകൾക്കാണ് അവർ അന്ന് ബ്രയാൻ കെംപിനോട് പരാജയപ്പെട്ടത്. എന്നാൽ കറുത്ത വർഗക്കാരായ യുവ വോട്ടർമാർ കൂടുതലുള്ള ജോർജിയ ആ തിരഞ്ഞെടുപ്പോടെ റിപ്പബ്ലിക്കൻ ചായ് വിൽ നിന്ന് വ്യതിചലിക്കാനാരംഭിച്ചതായി തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചന നൽകി. ജോർജിയൻ വോട്ടർമാരിലുണ്ടായ ഈ മാറ്റമാണ് സ്റ്റേസി അബ്രാംസ് ജോ ബൈഡന് അനുകൂലമായി ഉപയോഗപ്പെടുത്തിയത്. ഇക്കൊല്ലത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോർജിയയിലെ ഫലത്തിൽ നിർണായകമായത് ഈ വനിതയുടെ സൂക്ഷ്മമായ രാഷ്ട്രീയ നിരീക്ഷണമാണ്. ഗവർണർ തിരഞ്ഞെടുപ്പിൽ തനിക്ക് നഷ്ടമായ സംസ്ഥാനം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റുകൾക്ക് വേണ്ടി തിരിച്ചു പിടിച്ച് സ്റ്റേറ്റി അബ്രാംസ് തന്റെ രാഷ്ട്രീയ പാടവം വ്യക്തമാക്കി. ഭാവിയിലെ രാഷ്ട്രീയാന്തരീക്ഷവും തിരഞ്ഞെടുപ്പ് സാധ്യതകളും പരിശോധിച്ചാൽ തികച്ചും ബുദ്ധിപരമായ നീക്കത്തിലൂടെ 2020 ലെ തിരഞ്ഞെടുപ്പിൽ ജോർജിയയെ തങ്ങൾക്കനുകൂലമാക്കാമെന്ന് സ്റ്റേസി അബ്രാംസ് അഭിപ്രായപ്പെട്ടിരുന്നു. ജോർജിയയിലെ രാഷ്ട്രീയ വ്യതിയാനം കൃത്യമായ പ്രവർത്തനത്തിലൂടെ അമേരിക്കയുടെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാമെന്നുള്ള സ്റ്റേസിയുടെ ദീർഘവീക്ഷണമാണ് ജോ ബൈഡന് സഹായകമായതെന്ന് ജനങ്ങളും രാഷ്ട്രീയനിരീക്ഷകരും സ്റ്റേസി അബ്രാംസിനെ അഭിനന്ദിക്കുകയാണിപ്പോൾ. 2018 ലെ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിന് മുമ്പ് 2011 മുതൽ 2017 വരെ ജോർജിയ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ ന്യൂനപക്ഷ നേതാവായി സ്റ്റേസി അബ്രാംസ് സേവനമനുഷ്ഠിച്ചിരുന്നു. അഭിഭാഷക കൂടിയ സ്റ്റേസി ക്രിമിനൽ നിയമ പരിഷ്കാരങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. പിന്നീട് വോട്ടർമാരുടെ ബോധവത്ക്കരണത്തിനും തിരഞ്ഞെടുപ്പ് പരിഷ്ക്കാരങ്ങൾക്കും സ്റ്റേസി അബ്രാംസ് തന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി. ബൈഡന്റെ ഭരണസഭയിൽ പ്രവർത്തിക്കാനുള്ള അവസരം സ്റ്റേസി അബ്രാംസിനെ തേടിയെത്തിയേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ചുരുക്കപട്ടികയിൽ സ്റ്റേസി ഇടം നേടിയിരുന്നു. കൂടാതെ 2020 ലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സ്റ്റേസിയ്ക്ക് ബൈഡന്റെ ഭരണത്തിൽ പങ്കാളിത്തം നൽകിയേക്കും. ഒരിക്കൽ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തണമെന്നാണ് സ്കൂൾ കോളേജ് കാലത്ത് മികച്ച വിദ്യാർഥിയായിരുന്ന സ്റ്റേസി അബ്രാംസിന്റെ സ്വപ്നം. Content Highlights: Stacey Abrams, the Woman Who Helped Joe Biden To Win Georgia
from mathrubhumi.latestnews.rssfeed https://ift.tt/3lbwztn
via
IFTTT