Breaking

Monday, November 23, 2020

ഇ.ഡി.ക്കെതിരേ വീണ്ടും സര്‍ക്കാര്‍: മസാല ബോണ്ടില്‍ സ്വരാജ്‌ അവകാശലംഘന നോട്ടീസ് നല്‍കും

തിരുവനന്തപുരം: മസാല ബോണ്ട് അന്വേഷണത്തിൽ ഇ.ഡി.ക്കെതിരേ നിയമസഭയിൽ വീണ്ടും അവകാശലംഘന നോട്ടീസ് നൽകാൻ സർക്കാർ. നിയമസഭയിൽ സമർപ്പിക്കും മുമ്പ് റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് ഇ.ഡി. അന്വേഷണം നടത്തുന്നത് സഭയുടെ അവകാശലംഘനമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും നോട്ടീസ്. നിയമസഭയിൽ ഭരണപക്ഷ എം.എൽ.എ. സർക്കാരിന് വേണ്ടി സ്പീക്കറെ സമീപിക്കും. എം.സ്വരാജ് എംഎൽഎ ചട്ടലംഘന നോട്ടീസ് നൽകുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനങ്ങൾ വിദേശവായ്പ എടുക്കാൻ പാടില്ലെന്ന ചട്ടം കേരളം മസാലബോണ്ടിലൂടെ ലംഘിച്ചുവെന്ന സി.എ. ജി. പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നീക്കം. ഇതിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിനോട് വിശദീകരണം തേടി. അടുത്തഘട്ടത്തിൽ കിഫ്ബിയോടും ധനവകുപ്പിനോടും ഇ.ഡി. രേഖകൾ ആവശ്യപ്പെടാം. റിസർവ് ബാങ്ക് മസാലബോണ്ടിന് അനുമതി നൽകിയത് സംശയാസ്പദമാണെന്നു സി.എ.ജി. നിരീക്ഷിച്ചിരുന്നു. ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ടതിന് ഇ.ഡി.ക്കെതിരേയുള്ള അവകാശലംഘന നോട്ടീസ് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഇ.ഡി.യുടെ മറുപടി മാധ്യമങ്ങൾക്കു ചോർന്നതിനെക്കുറിച്ച് കമ്മിറ്റി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഫയൽ ആവശ്യപ്പെടുന്നതുപോലെയല്ല, നിയമസഭയിൽ ഇനിയുമെത്താത്ത റിപ്പോർട്ടിന്റെ പേരിലെ അന്വേഷണം അസാധാരണമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. Content Highlights:Government to issue infringement notice against ED


from mathrubhumi.latestnews.rssfeed https://ift.tt/35Shxn2
via IFTTT