Breaking

Tuesday, November 24, 2020

പെൺകുട്ടിയെ തീകൊളുത്തി കൊന്ന കേസ്‌; പ്രതിക്ക്‌ ജീവപര്യന്തം കഠിനതടവ്,‌ 5.15 ലക്ഷം രൂപ പിഴ

തൃശ്ശൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 5.15 ലക്ഷം രൂപ പിഴയും. വടക്കേക്കാട് കല്ലൂർകാട്ടയിൽ നിധീഷി (27)നെയാണ് തൃശ്ശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ ശിക്ഷിച്ചത്. ചിയ്യാരം വത്സലാലയത്തിൽ കൃഷ്ണരാജിന്റെ മകൾ എൻജിനീയറിങ് കോളേജ് വിദ്യാർഥി നീതു (21)വിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കൊലപാതകക്കുറ്റത്തിനു പുറമേ വീട്ടിൽ അതിക്രമിച്ചു കയറൽ, കുത്തിപ്പരിക്കേൽപ്പിക്കൽ, തീ കത്തിക്കൽ എന്നീ കുറ്റങ്ങളിൽ ഒമ്പത് വർഷം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. നീതുവിന്റെ മുത്തശ്ശി വത്സലാ മേനോന് പിഴത്തുക നൽകാനും ഉത്തരവായി. അമ്മ മരിച്ച നീതുവിനെ വളർത്തിയത് മുത്തശ്ശിയായിരുന്നു. 2019 ഏപ്രിൽ നാലിന് രാവിലെ 6.45-നാണ് കൊലപാതകം നടന്നത്. കാക്കനാട്ടുള്ള ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ നിധീഷ് കത്തിയും വിഷവും പെട്രോളും വാങ്ങിയാണ് സംഭവസ്ഥലത്തെത്തിയത്. പുലർച്ചെ ബൈക്കിൽ നീതുവിന്റെ വീടിന്റെ പിന്നിലെത്തിയ പ്രതി പിൻവാതിലിലൂടെ വീട്ടിലെ കുളിമുറിയിൽ കയറി നീതുവിനെ കഴുത്തിലും നെഞ്ചിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചു എന്നാണ് കേസ്. സംഭവം നടന്ന് ഒന്നരവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുന്നത് അപൂർവമാണ്. 2020 ഓഗസ്റ്റ് 20-ന് സാക്ഷിവിസ്താരം ആരംഭിച്ച കേസിൽ മൂന്നുമാസത്തിനു മുമ്പുതന്നെ വിചാരണ പൂർത്തിയാക്കി. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കാലതാമസം ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. വിചാരണയ്ക്കിടെ നിധീഷ് 17 തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഓരോ തവണയും കോടതി തള്ളുകയായിരുന്നു. അറസ്റ്റിലായശേഷം ഇയാൾ പുറത്തിറങ്ങിയിട്ടില്ല. കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി. Content Highlight: Thrissur Neethu murder case accused gets life imprisonment


from mathrubhumi.latestnews.rssfeed https://ift.tt/35ZYQ0J
via IFTTT