Breaking

Saturday, June 20, 2020

വയോധികയെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടത് വീട്ടുജോലിക്കാരിയുടെ കൊച്ചുമകന്‍; പണം കാനഡയില്‍ പോകാന്‍

ആലപ്പുഴ: വയോധികയെ തോക്കുചൂണ്ടി 30 ലക്ഷം രൂപ പണം ആവശ്യപ്പെട്ട സംഭവത്തിൽ യുവാവ് പിടിയിൽ. ഇരവുകാട് വാർഡിൽ പനയ്ക്കൽ വീട്ടിൽ ഫിറോസ് (21) ആണ് നോർത്ത് പോലീസിന്റെ പിടിയിലായത്. ഇവരുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവരുടെ കൊച്ചുമകനാണ് പ്രതി. ഇയാൾ കാനഡയിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനായി പണം ഇല്ലാതിരുന്നപ്പോഴാണ് കോൺവെന്റ് സ്ക്വയർ പരുത്തിക്കാട് വീട്ടിൽ ലില്ലി കോശിയെ തോക്കുചൂണ്ടി പണംതട്ടാൻ ശ്രമിച്ചത്. വീട്ടിലെ സാഹചര്യം അറിയുന്നതിനെ തുടർന്നാണിത്. സംഭവവുമായി വേലക്കാരിക്ക് ബന്ധമില്ലെന്നാണ് നിഗമനം. പ്രതി ഭീഷണിപ്പെടുത്തിയപ്പോൾ വേലക്കാരി തന്നെയാണ് പോലീസിനെ വിളിക്കാൻ പറഞ്ഞത്. ഇവർക്ക് ആളെ മനസ്സിലായില്ലെന്നാണ് കരുതുന്നത്. നഗരത്തിലെ സി.സി.ടി.വി.കൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പോലീസിന് പ്രതി സഞ്ചരിച്ച ബൈക്കിന്റെ അവസാനത്തെ അക്കമായ ഒൻപത് മാത്രമാണ് തുമ്പായി ഉണ്ടായിരുന്നത്. ഇതും ബൈക്കിന്റെ പഴക്കവും കണക്കാക്കി നഗരത്തിലെ ഇരുചക്രവാഹന ഷോറൂമുകളിൽനിന്ന് ഒൻപതാം നമ്പരിൽ അവസാനിക്കുന്ന അതേ മോഡൽ ബൈക്കിന്റെ ഉടമകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. തുടർന്ന് ബന്ധപ്പെട്ടുവന്നപ്പോൾ രണ്ടുദിവസം മുൻപ് സുഹൃത്ത് ബൈക്ക് കൊണ്ടുപോയതായി ഒരാൾ പോലീസിനെ അറിയിച്ചു. ഇയാൾ സി.സി.ടി.വി. ദൃശ്യം കാണിച്ചാണ് പ്രതിയെ ഉറപ്പാക്കിയത്. നോർത്ത് എസ്.ഐ. ടോൺസൺ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മാധ്യമങ്ങളിൽ സംഭവം വാർത്തയായതോടെ പ്രതി വീട്ടിൽനിന്ന് പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. Content Highlights: man enters home and asked money at gun point in alappuzha, accused arrested


from mathrubhumi.latestnews.rssfeed https://ift.tt/3fHiyjK
via IFTTT