Breaking

Sunday, June 21, 2020

ആമസോണ്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ മദ്യവില്‍പനയിലേക്ക്

ന്യൂഡൽഹി: ഓൺലൈൻ റീടെയിൽ സ്ഥാപനമായ ആമസോൺ രാജ്യത്ത് മദ്യവിൽപന ആരംഭിക്കുന്നു. പശ്ചിമബംഗാളിൽ ഓൺലൈൻ വഴി മദ്യവിൽപന നടത്താൻ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. ഓൺലൈൻ മദ്യവിൽപന നടത്താൻ ആമസോൺ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പറഞ്ഞു. സംസ്ഥാനവുമായി ധാരണാപത്രത്തിൽ ഒപ്പിടാൻ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്. അലിബാബയുടെ പിന്തുണയിൽ രാജ്യത്ത് പ്രവർത്തിക്കുന്ന ബിഗ്ബാസ്ക്കറ്റ് എന്ന ഓൺലൈൻ ഗ്രോസറി വിതരണ സ്ഥാപനത്തിനും ബംഗാളിൽ മദ്യം വിൽപന നടത്താൻ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഐഡബ്ല്യൂഎസ്ആർ ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസിന്റെ 2720 കോടി ഡോളർ മൂല്യമുള്ള സംസ്ഥാനത്തെ മദ്യവിപണിയിലേക്കാണ് ആമസോൺ രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങളായ സ്വിഗ്ഗിയും, സൊമാറ്റോയും ചില നഗരങ്ങളിൽ അടുത്തിടെ മദ്യവിൽപന ആരംഭിച്ചിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ മദ്യവിൽപനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലഭ്യത കുറഞ്ഞതോടെ മദ്യ വിൽപന ശാലകളിൽ തിരക്ക് വർധിച്ചു. അതിനിടെ മദ്യ വിൽപനയിൽ ചില ഇളവുകൾ അനുവദിക്കുകയും ചില സംസ്ഥാനങ്ങൾ ഓൺലൈൻ ഡെലിവറിയ്ക്ക് അനുമതി നൽകുകയും ചെയ്തു. ഓരോ സംസ്ഥാനങ്ങൾക്കും മദ്യവിൽപനയിൽ പ്രത്യേകം നയങ്ങളാണുള്ളത്. കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാൾ ഓൺലൈൻ വഴിയുള്ള മദ്യവിൽപനയ്ക്ക് താൽപര്യമുള്ള കമ്പനികളെ ക്ഷണിച്ചത്. Content Highlights:Amazon to enter into alcohol delivery in India , West bengal


from mathrubhumi.latestnews.rssfeed https://ift.tt/2NfKf79
via IFTTT