Breaking

Friday, June 19, 2020

‘ഒരുമ’ക്കാർ ചാർട്ട് ചെയ്തു, സ്വന്തം പഞ്ചായത്തിനായി ഒരു വിമാനം

കൽപ്പകഞ്ചേരി(മലപ്പുറം): ഒരു പഞ്ചായത്തിലുള്ള പ്രവാസികൾക്കായി ചാർട്ട് ചെയ്ത വിമാനം വെള്ളിയാഴ്ചയെത്തുന്നു. യു.എ.ഇ. യിലുള്ള കല്പകഞ്ചേരിക്കാരുമായാണ് വൈകീട്ട് ഏഴിന് വിമാനം കരിപ്പൂരിലെത്തുക. ഇതാദ്യമായാണ് ഒരു പഞ്ചായത്തിനു മാത്രമായി വിമാനം പ്രത്യേകം ചാർട്ട് ചെയ്യുന്നത്. ചാർട്ട് ചെയ്ത സ്പൈസ് ജെറ്റ് വിമാനത്തിൽ 185 യാത്രക്കാരുണ്ട്. അതിൽ നൂറുപേരും കൽപ്പകഞ്ചേരിക്കാരാണ്. ബാക്കിയുള്ളവർ തൊട്ടടുത്ത പഞ്ചായത്തുകളിലുള്ളവർ. യു.എ.ഇയിലുള്ള കല്പകഞ്ചേരി പഞ്ചായത്തുകാർക്കായി 'ഒരുമ കല്പകഞ്ചേരി' എന്ന കൂട്ടായ്മയാണ് ഈ സൗകര്യമൊരുക്കുന്നത്. സ്ത്രീകൾ, പ്രായമുള്ളവർ, കുട്ടികൾ എന്നിവർക്കാണ് മുൻഗണന. സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവരിൽനിന്ന് മാത്രമേ പണമീടാക്കുന്നുള്ളൂ. ബാക്കിയുള്ളവർക്ക് കഴിയുന്നത് നൽകാം. ബാക്കി കൂട്ടായ്മ വഹിക്കും. ഒട്ടും പണമില്ലാത്തവരെ സൗജന്യമായാണ് കൊണ്ടുവരുന്നത്. 1100 ദിർഹം (22000 ഓളം രൂപ)മാണ് വിമാനക്കമ്പനികളുടെ നിലവിലുള്ള ഒരാൾക്കുള്ള ചാർജ്. ചാർട്ട് ചെയ്യാനായി 40,25890 രൂപ ചെലവായി. റാസൽഖൈമയിൽനിന്നാണ് വിമാനം പുറപ്പെടുക. കൽപ്പകഞ്ചേരിയുടെ ആരോഗ്യ- വിദ്യാഭ്യാസ- തൊഴിൽരംഗത്തെ പുരോഗതിക്കായി ദുബായ് ആസ്ഥാനമായി പരേതനായ എ.പി. അസ്ലമിന്റെ നേതൃത്വത്തിൽ തുടങ്ങിയതാണ് 'ഒരുമ'. ഒട്ടേറേ കാരുണ്യപ്രവർത്തനങ്ങൾ നാട്ടിലും മറുനാട്ടിലുമായി ഇവർ ചെയ്യുന്നുണ്ട്. ഗൾഫ് നാടുകളിൽ പ്രവാസികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതോടൊപ്പം നിയമപ്രശ്നങ്ങളിൽ അകപ്പെട്ടവർക്ക് നിയമസഹായം നൽകുന്നുണ്ട്. കൊറോണ പ്രതിസന്ധിസമയത്ത് പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളിൽ കല്പകഞ്ചേരി തണലുമായി ചേർന്ന് ഭക്ഷണക്കിറ്റുകൾ എത്തിച്ചു നൽകിയിരുന്നു. എ.പി. ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ, ഡോ.സി അൻവർ അമീൻ, ബഷീർ പടിയത്ത്, മയ്യേരി അബ്ദുൽ വാഹിദ്, സിദ്ധീഖ് കാലൊടി, എന്നിവരുടെ നേതൃത്വത്തിലാണ് യു.എ.ഇ.യിൽ ഒരുമയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. content highlights:Oruma koottayma, charter flights ready


from mathrubhumi.latestnews.rssfeed https://ift.tt/3fAYDTF
via IFTTT