Breaking

Thursday, June 11, 2020

10 ദിവസം തുടര്‍ച്ചയായി മദ്യപിച്ച് അച്ഛനും മകനും; നാല് ദിവസം ആഹാരം പോലും കഴിച്ചില്ല

തിരുവനന്തപുരം: പത്തു ദിവസമായി തുടർച്ചയായി മദ്യലഹരിയിലായിരുന്നു ജയമോഹൻ തമ്പിയും മകൻ അശ്വിനും. മേയ് 28-ന് മദ്യക്കടകൾ തുറന്നതിനു ശേഷം എല്ലാ ദിവസവും തുടർച്ചയായി മദ്യപിച്ചിരുന്നുവെന്നും അവസാനത്തെ മൂന്നുനാലു ദിവസം ആഹാരം പോലും ഇവർ കഴിച്ചിരുന്നില്ലെന്നുമാണ് അശ്വിൻ പോലീസിനോടു പറഞ്ഞത്. വീടിനു സമീപത്തുള്ള ചിലരാണ് ഇവർക്കു മദ്യം വാങ്ങിക്കൊണ്ടു നൽകിയിരുന്നത്. രാവിലെ മുതൽ തന്നെ അച്ഛനും മകനും മദ്യലഹരിയിലായിരിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ചില സുഹൃത്തുക്കളും മദ്യപിക്കാനായി ഈ വീട്ടിലെത്തിയിരുന്നു.നാലുമാസം മുൻപാണ് കുവൈത്തിൽനിന്ന് അശ്വിൻ തിരിച്ചെത്തിയത്. മദ്യപാനം കാരണമാണ് ഇയാളുടെ ജോലി നഷ്ടമായത്. തിരിച്ചെത്തിയ ശേഷവും അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുന്നതു പതിവായിരുന്നു. അമിത മദ്യപാനം കാരണം അശ്വിന്റെ ഭാര്യ വീട്ടിൽനിന്നു താമസം മാറ്റുകയായിരുന്നു. ജയമോഹൻ തമ്പിയുടെ എ.ടി.എം. കാർഡും ക്രെഡിറ്റ് കാർഡുമെല്ലാം അശ്വിനാണ് ഉപയോഗിച്ചിരുന്നത്. അമിതമായി മദ്യപിച്ച് അശ്വിൻ ബഹളമുണ്ടാക്കുന്നതു പതിവായതോടെ ഇടയ്ക്ക് ലഹരിവിമുക്ത കേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു. മടങ്ങിയെത്തി വീണ്ടും മദ്യപാനം തുടങ്ങി. മദ്യപിച്ചു പ്രശ്നങ്ങളുണ്ടാക്കുന്നതു പതിവായതോടെ കുറച്ചു ദിവസം വീട്ടിൽ പൂട്ടിയിടുകയും ചെയ്തിരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും ഫലമില്ലാതായതോടെ അശ്വന്റെ ഇളയ സഹോദരൻ അടക്കമുള്ളവർ ഈ വീട്ടിലേക്കു വരാതായി. അച്ഛനുമായി തർക്കവും കൈയാങ്കളിയും ഉണ്ടാവുമ്പോൾ അശ്വിൻ സഹോദരനെയും ബന്ധുക്കളെയും വിളിച്ചുപറയാറുണ്ട്. ശനിയാഴ്ചയും ജയമോഹൻ തമ്പിയെ ഇടിച്ചിട്ടശേഷം സഹോദരനെ വിളിച്ച് വിവരം പറഞ്ഞു. എന്നാൽ, സ്ഥിരം പരാതിയാണെന്നു കരുതി പ്രശ്നം സ്വയം പരിഹരിക്കാനാണ് സഹോദരൻ ആഷിക് മോഹൻ പറഞ്ഞത്. അൽപ്പം കഴിഞ്ഞ് തിരിച്ചു വിളിച്ചപ്പോഴേക്കും അശ്വിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.ജയമോഹൻ തമ്പിയെ മർദിച്ചതിനു ശേഷം അശ്വിൻ വീണ്ടും മദ്യം വാങ്ങി വന്ന് വീട്ടിലിരുന്നു കുടിച്ചു. വൈകീട്ട് അല്പം ബോധം വന്നപ്പോൾ അടുത്ത വീട്ടിൽ പോയി ആംബുലൻസ് വിളിക്കാൻ സഹായം തേടി. എന്നാൽ, മദ്യലഹരിയിൽ വന്ന അശ്വിന്റെ വാക്കുകൾ ആരും മുഖവിലയ്ക്കെടുത്തില്ല. തുടർന്ന് വീണ്ടും മദ്യപിക്കാൻ ആരംഭിച്ച അശ്വിൻ, തിങ്കളാഴ്ച മരണവിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴും അബോധാവസ്ഥയിലായിരുന്നു. ദിവസങ്ങളോളം തുടർച്ചയായി മദ്യപിക്കാറുണ്ടെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം സംഭവിച്ച പല കാര്യങ്ങൾ സംബന്ധിച്ചും ഓർമയില്ലെന്നാണ് അശ്വിൻ പറയുന്നത്. Content Highlights: jayamohan thampi murder case; father and son addicted to liquor


from mathrubhumi.latestnews.rssfeed https://ift.tt/2MLOsPA
via IFTTT