Breaking

Monday, August 2, 2021

കേരളത്തിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദമില്ല- പഠന റിപ്പോർട്ട്

ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയായി തുടരുമ്പോഴും കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആർ. പഠനസംഘത്തിന്റെ റിപ്പോർട്ട്. കേരളത്തിൽ കോവിഡ് വ്യാപനം കൂടുന്നതിനുപിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധർ സംശയിക്കുന്നതിനിടെ നേരിയ ആശ്വാസം പകരുന്നതാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഉദ്ഭവിച്ച് മറ്റുരാജ്യങ്ങളിലുൾപ്പെടെ വ്യാപിച്ച ഡെൽറ്റ വകഭേദംതന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ വ്യക്തമാക്കി. ജൂണിലും ജൂലായ് ആദ്യവാരവും കേരളത്തിലെ 14 ജില്ലകളിൽനിന്നായി 835 സാംപിളുകൾ പരിശോധിച്ചതിൽ 753-ഉം ഡെൽറ്റ (ബി.1.617.2) വകഭേദമാണ്. ബാക്കിയുള്ളവയും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ്. ഈയിടെ പെറു, ചിലി എന്നിവിടങ്ങളിലും (സി.37) യു.എസിലും (എ.വൈ.3) ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ ഡെൽറ്റയെക്കാൾ വ്യാപനശേഷി കൂടിയതാണോ എന്ന താരതമ്യം എളുപ്പമല്ലെന്ന് വിദഗ്ധർ പറയുന്നു. സംസ്ഥാനത്തെ 12 സർക്കാർ മെഡിക്കൽ കോളേജുകൾ, പബ്ലിക് ഹെൽത്ത് ആൻഡ് റീജണൽ ലബോറട്ടറീസ്, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് (എം.ജി. സർവകലാശാല), കാസർകോട് കേന്ദ്രസർവകലാശാല, 14 ജില്ലകളിലെയും സർവൈലൻസ് യൂണിറ്റുകൾ എന്നിവയുമായി സഹകരിച്ചാണ് സി.എസ്.ഐ.ആർ. പഠനം നടത്തുന്നത്. ഇത്തരം വിശകലനം രാജ്യത്താദ്യം തുടങ്ങിയത് കേരളത്തിലാണെന്ന് പഠനസംഘത്തിലെ ശാസ്ത്രജ്ഞൻ ഡോ. വിനോദ് സ്കറിയ 'മാതൃഭൂമി'യോട് പറഞ്ഞു. സംസ്ഥാനത്തിപ്പോൾ ഇത്രയും കേസുകൾ കൂടാൻ കാരണം പുതിയ വകഭേദമാകാമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയെ തുടക്കത്തിൽ നന്നായി നേരിടുകയും വാക്സിനേഷൻ തീവ്രമാക്കുകയും ചെയ്തിട്ടും മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ കോവിഡ് കുറയാത്തത് പരിശോധിക്കേണ്ടതാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഉയർന്ന വ്യാപനത്തിനുപിന്നിൽ വൈറസിന്റെ പുതിയ വകഭേദമാകാമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. COntent Highlights: New variant of corona virus not found in kerala


from mathrubhumi.latestnews.rssfeed https://ift.tt/2TPTF08
via IFTTT