Breaking

Wednesday, January 20, 2021

മുല്ലപ്പള്ളി മത്സരിക്കുന്നത് ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാന്‍

കോഴിക്കോട്: കോൺഗ്രസ് നിയമസഭാകക്ഷിയിൽ നിലവിൽ ഒരു ഈഴവാംഗം പോലുമില്ലെന്ന പോരായ്മയ്ക്കു പരിഹാരം കാണാനും കൂടിയാണ് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനുള്ള ആലോചന. കൽപ്പറ്റയിൽ മത്സരിക്കാനാണു സാധ്യതയെങ്കിലും കൊയിലാണ്ടിയും പരിഗണനയിലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽനിന്ന് ജയിച്ച അടൂർ പ്രകാശായിരുന്നു ഈഴവവിഭാഗത്തിൽനിന്നുള്ള ഏക കോൺഗ്രസ് എം.എൽ.എ. അദ്ദേഹം ലോക്സഭാംഗമായപ്പോൾ ഈഴവ പ്രാതിനിധ്യം ഇല്ലാതായി. ഈ അവഗണനയുടെ പശ്ചാത്തലത്തിലാണ് എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോൺഗ്രസിനെ കടുത്തഭാഷയിൽ വിമർശിച്ചത്. കെ. സുധാകരൻ, കെ. ബാബു, സതീശൻ പാച്ചേനി, എൻ. സുബ്രഹ്മണ്യൻ, പി.എം. സുരേഷ്ബാബു, എം. ലിജു തുടങ്ങിയവർ പരാജയപ്പെട്ടതാണ് ഈഴവ പ്രതിനിധികൾ ഇല്ലാതായതിനു കാരണം. മുല്ലപ്പള്ളി രാമചന്ദ്രൻ ഏതു സീറ്റിൽ മത്സരിച്ചാലും ജയിച്ചുവരുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്. കൽപ്പറ്റയും കൊയിലാണ്ടിയും നിലവിൽ എൽ.ഡി.എഫിന്റെ കൈവശമുള്ള സീറ്റുകളാണ്. മുല്ലപ്പള്ളിയെ സ്ഥാനാർഥിയാക്കുന്നതിലൂടെ ഇതിൽ ഒരു സീറ്റ് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. മുൻപ് എ.കെ. ആന്റണി, സി.വി. പത്മരാജൻ, വയലാർ രവി, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ എന്നിവർ കെ.പി.സി.സി. പ്രസിഡന്റുമാരായപ്പോൾ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയാണു ചെയ്തത്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മന്ത്രിയായ കെ. മുരളീധരൻ 2004-ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റായിരിക്കെയാണ് രമേശ് ചെന്നിത്തല 2011-ൽ മത്സരിച്ചത്. ഇന്നത്തെ സാഹചര്യത്തിൽ കെ.പി.സി.സി. പ്രസിഡന്റ് രംഗത്തിറങ്ങണമെന്നത് പാർട്ടിയിൽ പൊതു ആവശ്യമായി ഉയർന്നുവന്നതാണെന്ന് മുല്ലപ്പള്ളിയോട് അടുപ്പമുള്ള േകന്ദ്രങ്ങൾ പറയുന്നു. നേരത്തേ കണ്ണൂരിൽനിന്ന് ലോക്സഭാംഗമായിരുന്ന കാലത്ത് മണ്ഡലത്തിന്റെ ഭാഗമായ വടക്കേ വയനാടുമായി മുല്ലപ്പള്ളിക്ക് നല്ല ബന്ധമുണ്ട്. വടകരയിൽനിന്ന് രണ്ടുതവണ എം.പിയായപ്പോൾ മണ്ഡലത്തിന്റെ ഭാഗമായ കൊയിലാണ്ടിയുമായും നല്ല ബന്ധമുണ്ട്. എന്നാലും കൽപ്പറ്റയാണ് മുല്ലപ്പള്ളിക്കു താത്പര്യം. കൽപ്പറ്റയിൽ മത്സരിച്ചാൽ മുഴുവൻ സമയവും മണ്ഡലത്തിൽ തങ്ങിനിൽക്കാതെ മറ്റു മണ്ഡലങ്ങളിൽ പ്രചാരണത്തിനു പോകാം. മുല്ലപ്പള്ളിയില്ലെങ്കിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ധിഖിന്റെ പേരും കൽപ്പറ്റയിൽ പരിഗണനയിലുണ്ട്. Content Highlights:mullappally to contest kerala assembly election 2021


from mathrubhumi.latestnews.rssfeed https://ift.tt/3qAS3C1
via IFTTT