Breaking

Tuesday, January 19, 2021

മോശം പ്രകടനവും തമ്മിലടിയും, ബി.ജെ.പി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം നഗരസഭയിലെ മോശം പ്രകടനത്തെ തുടർന്ന് ബി.ജെ.പിയിൽ മണ്ഡലം കമ്മറ്റി പിരിച്ചുവിടലും രാജിയും. മോശം പ്രകടനവും തമ്മിലടിയും കാരണം തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. നേതൃത്വം സംഘടനാ പ്രശ്നം പരിഹരിക്കുന്നില്ലെന്ന പരാതിയിൽ പാറശാല, വർക്കല മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ന​ഗരസഭയിലെ 44 എ ക്ലാസ് വാർഡുകളടക്കം 62 എണ്ണത്തിൽ വിജയിക്കാമെന്നായിരുന്നു ബി.ജെ.പി - ആർ.എസ്.എസ് കണക്കുകൂട്ടൽ. എന്നാൽ മുമ്പുണ്ടായിരുന്ന 35 സീറ്റിൽ ഒന്നുപോലും അധികം നേടാനായില്ലെന്നു മാത്രമല്ല 11 സിറ്റിങ് വാർഡുകൾ അപാകതകൾ കൊണ്ട് നഷ്ടമാവുകയും ചെയ്തു. ഇതിലേറ്റവും ദയനീയ പ്രകടനം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. സീറ്റുനിർണയത്തിലെ പാളിച്ചകൾ കൊണ്ട് ആറ്റുകാൽ, ശ്രീവരാഹം വാർഡുകൾ നഷ്ടമായതാണ് ഇതിനുദാഹരണം. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശും രണ്ട് ജനറൽ സെക്രട്ടറിമാരും തമ്മിൽ തുടക്കം മുതലേ ഐക്യമില്ലായ്മയിലും കടുത്ത ഭിന്നതയിലുമാണ്. പ്രശ്നം പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്നത്. വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2XUcy0c
via IFTTT