Breaking

Monday, January 18, 2021

ഇവര്‍ മാറ്റിനിര്‍ത്തിയില്ല, മറഞ്ഞുപോയവരെ; നടത്തിയത് 70 മരണാനന്തര കർമങ്ങൾ

കാളികാവ്: ജാതിക്കും മതത്തിനും അപ്പുറം മനുഷ്യനാണ് വില. കോവിഡുകാലത്ത് സേവനരംഗത്ത് നിറഞ്ഞുനിൽക്കുന്ന എസ്.കെ.എസ്.എസ്.എഫ്. വിഖായ പ്രവർത്തകർ അത് തെളിയിക്കുകയാണ്. കോവിഡ് ബാധിച്ചുമരിച്ച വിവിധ മതങ്ങളിൽപ്പെട്ട 70 പേരുടെ മൃതദേഹം അവരവരുടെ മതാചാരപ്രകാരം സംസ്കരിക്കാൻ മുൻകൈയെടുത്താണ് വിഖായ പ്രവർത്തകർ മാതൃകയായത്.ബന്ധുക്കളടക്കം അടുത്തുവരാൻപോലും പേടിച്ചുപോയ ഘട്ടത്തിലാണ് ഇവർ ഈ ദൗത്യം ഏറ്റെടുത്തത്. പ്രിയപ്പെട്ടവരുടെ മൃതദേഹം അനാഥപ്രേതംപോലെ മറവ് ചെയ്യരുതെന്ന ആഗ്രഹമാണ് ഇവരുടെ പ്രവർത്തനത്തിലൂടെയാണ് സാധ്യമാകുന്നത്. ബന്ധുക്കൾ ആഗ്രഹിക്കുന്നരീതിയിൽത്തന്നെയാണ് വിഖായ പ്രവർത്തകർ സംസ്കരിക്കുന്നത്.25 പേര് അടങ്ങുന്ന സംഘം ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് സേവനം ചെയ്യുന്നത്. സാമ്പത്തികശേഷിയുള്ളവർ പി.പി.ഇ. കിറ്റ് വാങ്ങിച്ച് കൊടുക്കും. കഴിയാത്തവരുടെ ബന്ധുക്കളിൽനിന്ന് ഒന്നും വാങ്ങില്ല. മരണാനന്തര ചടങ്ങുകളുടെ പൂർണചെലവും പ്രവർത്തകർ വഹിക്കും.വിഖായ പ്രവർത്തകനായ കാളികാവ് മേഖലയിലെ കബീർ മാളിയേക്കലിന്റെ നേതൃത്വത്തിൽ മാത്രം 49 പേരുടെ മൃതദേഹം സംസ്കരിച്ചു. നാസർ പാലക്കൽവെട്ട തന്റെ ജീപ്പ് കോവിഡ് മരണവീടുകളിൽ വിഖായ പ്രവർത്തകരെ എത്തിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്.കബീർ മാളിയേക്കൽ, റഷീദ് ഫൈസി, ഷറഫുദ്ദീൻ ഫൈസി, മുനീർ ഫൈസി, മുസ്തഫ എന്നിവർക്കൊപ്പം സംഘത്തിലെ ഒരു അംഗമായി നാസറുമുണ്ട്. രാത്രിയും പകലുമെന്നും നോക്കാതെയാണ് പി.പി.ഇ. കിറ്റുമണിഞ്ഞ് വിഖായ പ്രവർത്തകർ സംസ്കാരച്ചടങ്ങിൽ ഏർപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3sw4PUe
via IFTTT