Breaking

Thursday, December 24, 2020

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർഥിത്വം: നേരത്തേ പ്രഖ്യാപിച്ചത് വിമർശനത്തിന്റെ ആക്കംകുറയ്ക്കാൻ

മലപ്പുറം: നിയമസഭാതിരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച് വിമർശനത്തിന്റെ ആക്കം കുറയ്ക്കാനാണ് മുസ്ലിംലീഗിന്റെ ശ്രമം. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രണ്ടുവർഷം തികയുംമുമ്പ് അനാവശ്യമായി ഉപതിരഞ്ഞെടുപ്പുണ്ടാക്കിയെന്ന് സ്വാഭാവികമായും വിമർശനമുയരും. തിരഞ്ഞെടുപ്പിന് മാസങ്ങൾക്കുമുമ്പുതന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനാൽ പ്രചാരണഘട്ടത്തിൽ കാര്യമായ വിവാദമുണ്ടാകില്ലെന്നും ലീഗ് കണക്കുകൂട്ടുന്നു. ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നാണ് കുഞ്ഞാലിക്കുട്ടി ദേശീയരാഷ്ട്രീയത്തിലേക്ക് കൂടുമാറുന്നത്. ആദ്യം പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി. പിന്നാലെ 2017-ലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് എം.പി.യുമായി. വേങ്ങര എം.എൽ.എ. ആയിരിക്കെയാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. മികച്ച ഭൂരിപക്ഷത്തോടെയാണ് ഡൽഹിയിലേക്ക് വണ്ടികയറിയത്. 2019-ൽ ചരിത്രഭൂരിപക്ഷംനേടി വീണ്ടും ലോക്സഭയിലെത്തി. യു.പി.എ.ക്ക് ഭരണമില്ലാത്തതിനാൽ രണ്ടാംതവണയും പ്രതിപക്ഷത്തിരിക്കാനായിരുന്നു വിധി. അതിനിടെ, മുത്തലാഖ് ബിൽ വോട്ടെടുപ്പ്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് എന്നിവയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ വിമർശിക്കപ്പെട്ടു. സെപ്റ്റംബറിൽ ചേർന്ന ലീഗ് ഉന്നതാധികാരസമിതി യോഗം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമതല ഏൽപ്പിച്ചതോടെ കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള സാധ്യത തെളിഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി മുഴുവൻ സമയവും കേരളത്തിലുണ്ടാകുന്നത് യു.ഡി.എഫിന് ഗുണമാകുമെന്നാണ് കോൺഗ്രസിലെ പൊതുവികാരം. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കം അക്കാര്യം തുറന്നുപറയുകയും ചെയ്തതാണ്. Content Highlight: Kunhalikutty contest in assembly polls


from mathrubhumi.latestnews.rssfeed https://ift.tt/3nPZaFN
via IFTTT