Breaking

Sunday, November 8, 2020

ഇടതുരാഷ്ട്രീയം നേരിടാൻ അടവുമായി ഇ.ഡി.

കൊച്ചി: സ്വർണക്കടത്തുകേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അടവുകൾ മാറ്റുന്നു. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുള്ള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചുകൊണ്ടാണ് തുടക്കം. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചിയുടെ പുതിയ ജോയന്റ് ഡയറക്ടറായി നിയമിച്ചത്. സ്വർണക്കടത്തുകേസ് അന്വേഷണം തുടങ്ങിയതുമുതൽ കൊച്ചി മേഖലാ ഓഫീസിന്റെ ചുമതലയുണ്ടായിരുന്നത് മലയാളിയായ അസിസ്റ്റന്റ് ഡയറക്ടർ പി. രാധാകൃഷ്ണനായിരുന്നു. എന്നാൽ, അന്വേഷണം സ്വർണക്കടത്തിൽനിന്ന് വഴിതിരിഞ്ഞ്, സംസ്ഥാനസർക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്കുൾപ്പെടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇ.ഡി.ക്കെതിരേ പത്രസമ്മേളനത്തിൽ ആഞ്ഞടിച്ചു. ഇ.ഡി. മറുപടി നൽകിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയാണ്. തൊട്ടുപിന്നാലെ കെ-ഫോൺ, ലൈഫ് മിഷൻ രേഖകൾ ശിവശങ്കർ, സ്വപ്നാ സുരേഷിന് ചോർത്തിനൽകിയെന്ന റിപ്പോർട്ടും കോടതിയിൽ നൽകി. ഇതിന് ബദലായാണ് ലൈഫ് മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിൽ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി ഇ.ഡി.യിൽനിന്ന് വിശദീകരണം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നതിനാലാണ് കേന്ദ്രത്തിന്റെ വിശ്വസ്തനായ ജോയന്റ് ഡയറക്ടറെ അഹമ്മദാബാദിൽനിന്ന് എത്തിച്ചത്. content highlights: ed and cpm


from mathrubhumi.latestnews.rssfeed https://ift.tt/3mWuwJY
via IFTTT