Breaking

Saturday, November 7, 2020

ബിവീലേഴ്‌‌സ് ചര്‍ച്ചിന് കോടികളുടെ ഹവാല ഇടപാടെന്ന് ആദായനികുതി വകുപ്പ്

തിരുവല്ല: ബിവീലേഴ്സ് ചർച്ചിന് കോടികളുടെ ഹവാല ഇടപാടുണ്ടെന്ന് ആദായ നികുതി വകുപ്പ്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. ചർച്ചിന് കീഴിലെ 30 ട്രസ്റ്റുകളിൽ അധികവും കടലാസിൽ മാത്രമാണ്. ഏഴ് സംസ്ഥാനങ്ങളിൽ സഭയ്ക്ക് നിരവധി സ്ഥാപനങ്ങളുണ്ടെന്നും കണ്ടെത്തി. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ആസ്ഥാനത്തും അനുബന്ധ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നും തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് പരിശോധന തുടങ്ങിയത്. ഡൽഹിയടക്കം ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങൾ ഉളള ഇടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക, ഛത്തീസ്ഗഢ്, തെലങ്കാന, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലടക്കം രാജ്യത്താകമാനമായി 66 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രേഖകൾ ഇല്ലാതെ സൂക്ഷിച്ച 14.5 കോടിയോളം രൂപ വിവിധയിടങ്ങളിൽനിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ, വൻതോതിൽ വിദേശ സാമ്പത്തികസഹായം സ്വീകരിച്ചതിന്റെ രേഖകൾ കണ്ടെത്തി. റെയ്ഡിനേക്കുറിച്ച് സഭ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ ചാരിറ്റബിൾ ട്രസ്റ്റുകൾ രൂപീകരിച്ചാണ് കള്ളപ്പണം വെളുപ്പിച്ചത്. ഇതിനായി ഇടപെടൽ നടത്തിയവരും അന്വേഷണ പരിധിയിലുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനസഹായം ആദായനികുതി പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. എന്നാൽ ഇങ്ങനെ എത്തിയ പണം ഉപയോഗിച്ച് കോടികളുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനിടെ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇ.ഡിയുടെ അന്വേഷണവും ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള പ്രഥമിക നടപടിക്രമങ്ങളിലാണ് ഇ.ഡിയുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/2IdOK2G
via IFTTT