Breaking

Tuesday, December 1, 2020

ബി.ജെ.പി.-ജെ.ഡി.എസ്. ബാന്ധവം: മാണ്ഡ്യ മാതൃക മൈസൂരുവിലേക്കും

മൈസൂരു: കർണാടകത്തിൽ ഒരിടവേളയ്ക്കുശേഷം ബി.ജെ.പി.യുമായി അടുക്കാൻ ശ്രമിക്കുന്ന ജെ.ഡി.എസിന്റെ രാഷ്ട്രീയനീക്കങ്ങൾ മൈസൂരുവിൽ ആവർത്തിച്ചേക്കും. മാണ്ഡ്യ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും തമ്മിൽ അപ്രതീക്ഷിതമായുണ്ടാക്കിയ രാഷ്ട്രീയബാന്ധവം മൈസൂരുവിലേക്കും നീളുമെന്നാണ് സൂചന. വരാനിരിക്കുന്ന മൈസൂരു നഗരസഭയുടെ മേയർ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത രാഷ്ട്രീയ ചേരിതിരിവുകൾക്ക് ചരിത്രനഗരം സാക്ഷിയായേക്കും. നിലവിൽ കൂടെനിൽക്കുന്ന കോൺഗ്രസിനെ തള്ളി ജെ.ഡി.എസ്. ബി.ജെ.പി.ക്കൊപ്പം ചേർന്നേക്കുമെന്ന സൂചനയാണ് പ്രാദേശികനേതാക്കൾ നൽകുന്നത്. ജനുവരിയിലാണ് മൈസൂരു മേയർ തിരഞ്ഞെടുപ്പ്. ജെ.ഡി.എസ്. എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്.ആർ. മഹേഷ് കഴിഞ്ഞദിവസം മൈസൂരുവിൽ നടത്തിയ ചില പരാമർശങ്ങൾ ഈ ദിശയിലേക്കാണ് വിരൽചൂണ്ടുന്നത്. നിലവിൽ ജെ.ഡി.എസ്.-കോൺഗ്രസ് കൂട്ടുകെട്ടാണ് നഗരസഭയിൽ ഭരണം നടത്തുന്നത്. ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി. പ്രതിപക്ഷത്താണ്. കോൺഗ്രസ് പിന്തുണയിൽ ജെ.ഡി.എസിലെ തസ്നീമാണ് മൈസൂരു മേയർ. നഗരസഭയിൽ കോൺഗ്രസുമായി നല്ല രീതിയിലല്ല പോക്കെന്നാണ് ജെ.ഡി.എസ്. എം.എൽ.എ. നൽകിയ സൂചന. ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസ് അനുവദിക്കുന്നില്ലെന്ന് മേയർ തന്നോടു പരാതിപ്പെട്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇരുപാർട്ടികളും നഗരസഭയിലുണ്ടാക്കിയ സഖ്യം തുടരുകയില്ലേയെന്ന ചോദ്യത്തിന്, കാത്തിരുന്നുകാണാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പരസ്പരം പോരാടിനിന്ന ബി.ജെ.പി.യും ജെ.ഡി.എസും അടുക്കുന്നതിന്റെ സൂചന അടുത്തിടെ നടന്ന മാണ്ഡ്യ ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പുസമയത്താണ് കണ്ടത്. ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമിയും സംഘവും മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ കണ്ട് ചർച്ചനടത്തിയിരുന്നു. ബി.ജെ.പി.യും ജെ.ഡി.എസും കൈകോർത്തതോടെ കോൺഗ്രസിന് ബാങ്ക് ഭരണം നഷ്ടമായി. ബി.ജെ.പി. സ്ഥാനാർഥി ബാങ്കിന്റെ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി ജെ.ഡി.എസ്. സ്ഥാനാർഥിയും വിജയിച്ചു. മൈസൂരു നഗരസഭയിൽ കൂടുതൽ അംഗങ്ങൾ ബി.ജെ.പി.ക്കാണ്. പക്ഷേ, ജെ.ഡി.എസും കോൺഗ്രസും ഒന്നിച്ചുനിന്നതോടെ ബി.ജെ.പി.ക്ക് ഭരണം നഷ്ടമായി. മേയർസ്ഥാനം കോൺഗ്രസും ജെ.ഡി.എസും പങ്കിടുകയാണ്. ജെ.ഡി.എസിന്റെ കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും മേയർ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. Content Highlightts:BJP, JDS bonhomie may extend to Mysuru City Corporation polls


from mathrubhumi.latestnews.rssfeed https://ift.tt/3lq9jXy
via IFTTT