ന്യൂഡൽഹി: കോവിഡ് വാക്സിൻ ഗവേഷണകേന്ദ്രത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. നേതൃത്വത്തെ വിമർശിച്ച് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ പ്രധാനികളിലൊരാളാണ് രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ ശർമ. കോൺഗ്രസ് വീക്ഷണത്തിനു വിരുദ്ധമായ ട്വീറ്റിനെതിരേ പാർട്ടിയിൽനിന്ന് വ്യാപക വിമർശനമുയർന്നതോടെ ഇദ്ദേഹം അഭിപ്രായം തിരുത്തി.കാർഷികനിയമങ്ങൾക്കെതിരേ തലസ്ഥാനത്ത് കർഷകർ പ്രക്ഷോഭം നടത്തുമ്പോൾ വിമാനത്തിൽ ചുറ്റിനടക്കാതെ പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാവണമെന്ന് കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സിങ് സുർജേവാല കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കോവിഡ് ഗവേഷണം ശാസ്ത്രജ്ഞർ നടത്തുമെന്നും പ്രധാനമന്ത്രി അന്നദാതാക്കളുടെ പ്രശ്നം പരിഹരിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നുമായിരുന്നു കോൺഗ്രസിന്റെ ഔദ്യോഗിക അഭിപ്രായമായി സുർജേവാല വ്യക്തമാക്കിയത്. ഇതിനെ തള്ളുന്ന രീതിയിലായിരുന്നു ഞായറാഴ്ചത്തെ ആനന്ദ് ശർമയുടെ ട്വീറ്റ്.സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, സിഡസ് കാഡില എന്നിവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചത് ഇന്ത്യൻ ശാസ്ത്രജ്ഞർക്കും കോവിഡിനുള്ള വാക്സിൻ നിർമിക്കാനുള്ള അവരുടെ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണെന്നും ഇത് കോവിഡ് പ്രതിരോധരംഗത്തെ മുൻനിര പോരാളികളുടെ മനോവീര്യം ഉയർത്തി രാജ്യത്തിന് ധൈര്യം പകരുമെന്നുമായിരുന്നു ആനന്ദ് ശർമ ട്വീറ്റ് ചെയ്തത്. പ്രതിഷേധമുയർന്നതോടെ ട്വീറ്റിലെ ഒരുവരിയാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്ന് ശർമ വിശദീകരിച്ചു.ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായി മാറ്റാൻകഴിയുന്ന തരത്തിൽ ഇന്ത്യ പതിറ്റാണ്ടുകളിലൂടെ പടുത്തുയർത്തിയ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം അംഗീകരിക്കുന്നതും ആദരിക്കുന്നതുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് പുതിയ ട്വീറ്റിൽ ശർമ പറഞ്ഞു. വാക്സിൻ വരുമ്പോൾ എല്ലാ വിഭാഗങ്ങൾക്കും തുല്യമായി എത്തിക്കാനാവുന്ന തരത്തിൽ കാര്യക്ഷമമായ സംവിധാനം ഉറപ്പാക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നെന്നും ഇതു മാത്രംമതി മുൻനിര കോവിഡ് പോരാളികളുടെ മനോവീര്യം ഉയർത്താെനന്നും ശർമ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ സന്ദർശനം മനോവീര്യം ഉയർത്തുമെന്നും രാജ്യത്തിന് ഉറപ്പുനൽകുമെന്നുമുള്ള ഭാഗം പുതിയ ട്വീറ്റിൽനിന്ന് ശർമ ഒഴിവാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3oc2DhA
via
IFTTT