Breaking

Monday, November 2, 2020

ഐഫോണുകൾ ആറല്ല, ഏഴ്

കൊച്ചി: യു.എ.ഇ. കോൺസുലേറ്റിലേക്കായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ വാങ്ങിനൽകിയത് ആറല്ല, ഏഴ് ഐഫോണുകൾ. ഒരു ഫോൺ ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പൻ തന്നെയാണെന്നും വ്യക്തമായി. ഏഴിൽ ആറു ഫോണിന്റെയും ഉപയോക്താക്കളെ ഇ.ഡി. കണ്ടെത്തി. ശേഷിക്കുന്ന ഒരുഫോണിൽ ബി.എസ്.എൻ.എൽ. നമ്പറാണ് ഉപയോഗിക്കുന്നത്. ഇത് ജിത്തു എന്നുപേരുള്ള ആളാണെന്നാണു സൂചന. യു.എ.ഇ. ദേശീയ ദിനാഘോഷത്തിനെത്തുന്ന അതിഥികൾക്ക് സമ്മാനിക്കാൻ സ്വപ്നാ സുരേഷിന്റെ നിർദേശപ്രകാരമാണ് സന്തോഷ് ഈപ്പൻ കൊച്ചിയിൽനിന്ന് ആറു ഐഫോണുകൾ വാങ്ങിനൽകിയത്. ഇതിലൊന്ന് എം. ശിവശങ്കറാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമായിരുന്നു. കൂട്ടത്തിൽ വിലയേറിയ 1.13 ലക്ഷത്തിന്റെ ഐഫോൺ 11 പ്രോ 256 ജി.ബി.യുടേതായിരുന്നു. ഇത് കോൺസൽ ജനറലിന് സമ്മാനമായി കൊടുക്കാനാണു വാങ്ങിയത്. എന്നാൽ, ഇതിനേക്കാൾ മികച്ച ഫോൺ കോൺസൽ ജനറൽ ആവശ്യപ്പെട്ടതോടെ തിരുവനന്തപുരത്തുനിന്ന് പുതിയ ഫോൺ വാങ്ങിനൽകി. 1.13 ലക്ഷത്തിന്റെ ഫോൺ സന്തോഷ് ഈപ്പൻ സ്വയം ഉപയോഗിക്കാൻ തുടങ്ങി. സംസ്ഥാന അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റിൽനിന്ന് ഐഫോൺ ലഭിച്ചിരുന്നു. ഇതിനുപുറമേ ഒരു വിമാനക്കമ്പനി മാനേജർ, തിരുവനന്തപുരത്തെ പരസ്യ ഏജൻസിയിലുള്ള പ്രവീൺ എന്നിവരാണ് മറ്റു ഫോണുകൾ ഉപയോഗിക്കുന്നതെന്നു വ്യക്തമായി. ശേഷിക്കുന്ന ഒരു ഫോണിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം തിങ്കളാഴ്ചയോടെ പരിഹരിക്കപ്പെടും. രമേശ് ചെന്നിത്തലയ്ക്ക് ഒരു ഐഫോൺ നൽകിയെന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും നറുക്കെടുപ്പിൽ വിജയിയായ ആൾക്ക് ചെന്നിത്തല ഒരു ഐഫോൺ നൽകിയെന്നാണ് ഉദ്ദേശിച്ചതെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഏജൻസിക്കു മുന്നിൽ വ്യക്തമാക്കി. ആർക്കൊക്കെ ഫോൺ കിട്ടിയെന്നു വ്യക്തതയില്ലാത്തതിനാലാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പേരുകൾ പറയാതിരുന്നതെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. content highlights: santhos eapen i phones swapna suresh uae consulate


from mathrubhumi.latestnews.rssfeed https://ift.tt/34Lz0gg
via IFTTT